Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2021 5:28 AM IST Updated On
date_range 5 Sept 2021 5:28 AM ISTകല, സംസ്കാരം, അധ്യാപനം @സുരേഷ് അന്നൂർ
text_fieldsbookmark_border
കല, സംസ്കാരം, അധ്യാപനം @സുരേഷ് അന്നൂർ പടം PYRSuresh സുരേഷ് അന്നൂർപയ്യന്നൂർ: അധ്യാപനവും കലയും സംസ്കാരവും സമന്വയിച്ച സർഗയാത്രക്കിടെ സുരേഷ് അന്നൂരിനെ തേടി സംസ്ഥാന അധ്യാപക അവാർഡെത്തിയപ്പോൾ അത് അർഹതയുടെ അംഗീകാരമായി. 30 വർഷങ്ങളായി പേന കുത്തുകൾകൊണ്ടുള്ള ഡോട്ട് ചിത്രകലയിൽ സജീവ സാന്നിധ്യമാണ് ഈ അധ്യാപകൻ. ഗാനഗന്ധർവൻ യേശുദാസ്, അറബ് കവി ഖാലിദ് അബ്ദുല്ല അൽ ദൽഹാനി ഉൾപ്പെടെ നൂറിലധികം പ്രമുഖ വ്യക്തികൾക്ക് അവരുടെ ഡോട്ട് ചിത്രം നേരിൽ സമ്മാനിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ് എന്നിവർക്ക് ഡോട്ട് ചിത്രം അയച്ചുകൊടുത്തപ്പോൾ അവർ അഭിനന്ദനക്കത്ത് മറുപടിയായി അയച്ചിരുന്നു. പയ്യന്നൂർ, തലശ്ശേരി, മട്ടന്നൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും കേരളത്തിലെ നൂറുകണക്കിന് സ്‌കൂളുകളിലും വായനശാലകളിലും ഡോട്ട് ചിത്ര പ്രദർശനങ്ങൾ നടത്തി. 2015ൽ എട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം ക്ലാസ് ടീച്ചർ ആയപ്പോൾ പരീക്ഷ കഴിഞ്ഞ് സ്കൂളിൻെറ പടിയിറങ്ങിയ 42 ശിഷ്യർക്കും അവരുടെ ഡോട്ട് ചിത്രങ്ങൾ സമ്മാനിച്ച് ചരിത്രമെഴുതി. 2020ൽ ലോക്ഡൗൺ സമയത്ത് കണ്ടങ്കാളി ഹൈസ്‌കൂളിലെ 35 കുട്ടികൾക്ക് അവരുടെ മുഖങ്ങൾ പേന കുത്തിൽ തീർത്തുനൽകി ഈ ഗുരുനാഥൻ.ഹൈസ്കൂൾ വിഭാഗം ഹിന്ദി പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി അൻമോൽ യാദേം (അമൂല്യ സ്മരണകൾ), നിർഝർ (വെള്ളച്ചാട്ടം), മഛുആരെ (മുക്കുവർ) എന്നീ ഹ്രസ്വചിത്രങ്ങൾ ഒരുക്കി. ഇവയെല്ലാം കുട്ടികളുടെ സംസ്ഥാനതല ചലച്ചിത്രമേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും കേരളത്തിലെയും ലക്ഷദ്വീപിലെയും സ്‌കൂളുകളിൽ പഠനസാമഗ്രികളായി വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും ചെയ്തു. 2013ൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കുട്ടികളുടെ ചലച്ചിത്രമേളയിൽ നിർഝർ പുരസ്‌കാരം നേടി. ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻെറ ബാല്യകാല സ്മരണകൾ കോർത്തിണക്കി ചിത്രീകരിച്ച 'അൻമോൽ യാദേം' ഏറെ അംഗീകാരം നേടി. 2014 കോഴിക്കോട് നടന്ന ചലച്ചിത്ര മേളയിൽ, മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതം ചിത്രീകരിച്ച 'മഛുആരെ' തിരഞ്ഞെടുത്തു.പുതുതലമുറയെ നശിപ്പിക്കുന്ന മദ്യവും മയക്കുമരുന്നും മുഖ്യ പ്രമേയമാക്കി 'ദി ലോക്ക്' സംവിധാനവും നിർമാണവും ചെയ്തു. യു.എ.ഇ ജ്വാല ഇൻറർനാഷനൽ ഫിലിം ഫെസ്റ്റ്, പയ്യന്നൂർ, എറണാകുളം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നടന്ന സംസ്ഥാന ചലച്ചിത്രമേളകളിൽ 'ദി ലോക്ക്' പുരസ്കരങ്ങൾ നേടി. എക്സൈസ് കമീഷണറായിരുന്ന ഋഷിരാജ് സിങ്ങിൻെറ നിർദേശപ്രകാരം എക്സൈസ് വകുപ്പ് 'വിമുക്തി' പദ്ധതിയിൽ ഉൾപ്പെടുത്തുകയും അനേകം സ്‌കൂളുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പരിപാടികളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കൈത്തൊഴിൽ നിർമാണ തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച 'വെയിൽപൂവി' ലൂടെ അവരുടെ കഷ്ടപ്പാട് സമൂഹത്തിൽ എത്തിക്കാനും അതിലെ കുടുംബത്തിന് സാമ്പത്തികസഹായം നൽകാനും സാധിച്ചു. വാർധക്യത്തിൻെറ ഒറ്റപ്പെടൽ ചിത്രീകരിച്ച പുതിയ ഹ്രസ്വചിത്രം 'മദർ ലീഫ്' ശ്രദ്ധ നേടി. ശ്രദ്ധേയമായ നിരവധി പെയിൻറിങ്ങുകളുടെ വിൽപനയിലൂടെ ലഭിച്ച തുക സർക്കാറിൻെറ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story