Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 11:58 PM GMT Updated On
date_range 18 Aug 2021 11:58 PM GMTഇക്കുറിയും 'കരുത'ലോണം
text_fieldsകണ്ണൂര്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടാം തവണയാണ് ഓണം വിരുന്നിനെത്തുന്നത്. രോഗവ്യാപന നിരക്കിൽ കുറവില്ലാത്തതിനാൽ ഇത്തവണയും ആഘോഷം ജാഗ്രതയോടെയാകാം. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും 'കരുത'ലോണമാകണമെന്നാണ് സർക്കാർ നിർദേശം. ഓണാഘോഷങ്ങള്‍ അതിരുകടക്കാതെ സുരക്ഷിതരായിരിക്കാന്‍ കോവിഡ് മുന്‍കരുതല്‍ അറിയിപ്പുമായി കണ്ണൂര്‍ സിറ്റി പൊലീസ് രംഗത്തെത്തി. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിൻെറയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിൻെറയും ഭാഗമായി നിയന്ത്രണങ്ങൾ കര്‍ശനമാക്കന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോ നിര്‍ദേശം നൽകി. പട്രോളിങ്ങിന് കൂടുതൽ പൊലീസുകാരെ നിയോഗിക്കും. പൊതുജനങ്ങള്‍ കൂട്ടമായി എത്തിച്ചേരാന്‍ സാധ്യതയുള്ള വിനോദ കേന്ദ്രങ്ങളില്‍ പൊലീസിൻെറ പ്രേത്യകശ്രദ്ധയുണ്ടാവും. സിറ്റി പൊലീസ് പരിധിയില്‍ പൊലീസിൻെറ സഹായത്തിനായി 52 സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പയനീര്‍ ഗ്രൂപ് അംഗങ്ങളുടെ സേവനം ഓണക്കാലത്തു ലഭ്യമാക്കും. തുടര്‍ച്ചയായുള്ള പൊതുഅവധി കാരണം അടച്ചിടുന്ന സര്‍ക്കാര്‍ ഓഫിസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷന് പരിധികളിലും കൂടുതൽ പട്രോളിങ്ങും ഏര്‍പ്പെടുത്തും. ജില്ലയിലാകെ 620 സേനാംഗങ്ങളെ ഓണക്കാലത്തെ പ്രത്യേക ജോലിക്കായി നിയോഗിക്കും. ഓണത്തിന് മുന്നോടിയായുള്ള പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. കോവിഡ് രോഗ നിര്‍ണയ നിരക്ക് കൂടിയ പ്രദേശങ്ങള്‍, കണ്ടെയ്ൻമൻെറ് സോണ്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ആഘോഷങ്ങള്‍ പരമാവധി വീടുകളിലേക്ക് ഒതുക്കുക, പൊതുസ്ഥലങ്ങളില്‍ കൃത്യമായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുക എന്നീ നിർദേശങ്ങളും പൊലീസ് മുന്നോട്ടുവെച്ചു. കൊച്ചുകുട്ടികള്‍, പ്രായമായവര്‍ എന്നിവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ................................................................................................................. ആഘോഷം ഓണ്‍ലൈനാക്കാൻ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കണ്ണൂർ: ഓണം കെങ്കേമമാക്കാന്‍ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ 'കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം' എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയാണ് ഓൺലൈനിൽ ആഘോഷം. മഹാമാരി കാലത്ത് വരുമാന നഷ്ടം അനുഭവിക്കുന്ന കലാകാരന്മാര്‍ക്കും അനുബന്ധ മേഖലയിലുള്ളവര്‍ക്കും കൈത്താങ്ങാവാനുള്ള ശ്രമത്തിൻെറ ഭാഗം കൂടിയാണ് ആഘോഷമെന്ന് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ട്രിപ്പിള്‍ തായമ്പക, ക്ലാസിക്കല്‍ ഡാന്‍സ്, ഗസല്‍, ഷഹബാസ് അമന്‍ പാടുന്നു, നാടന്‍ പാട്ടുകള്‍, കോമഡി ഷോ, ബാബുരാജ് സ്മൃതി സന്ധ്യ, ഓട്ടന്‍തുള്ളല്‍, സൂര്യ ഗീതം, മാജിക്ക് നൈറ്റ്, ഒപ്പന, വനിത കോല്‍ക്കളി, സോളോ ഡ്രാമ, വിസ്മയം എന്നീ തലക്കെട്ടുകളോടെ വൈവിധ്യമുള്ള കലാവിരുന്നാണ് ഔണ്‍ലൈനായി അവതരിപ്പിക്കുക. ആഘോഷത്തിൻെറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30ന് പിണറായി കൺവെൻഷൻ സെന്‍ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.
Next Story