Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 11:58 PM GMT Updated On
date_range 8 Aug 2021 11:58 PM GMTബി.എൽ.ഒമാരുടെ പ്രവർത്തനം വിലയിരുത്തുന്നു
text_fieldsപാനൂർ: ബൂത്ത് െലവൽ ഓഫിസർമാരുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ചീഫ് ഇലക്ടറൽ ഓഫിസർ കലക്ടർമാർക്ക് നിർദേശം നൽകി. ബി.എൽ.ഒമാർ സംഘടന രൂപവത്കരിക്കുന്നതിനെതിരെയും സർക്കുലറിൽ പരാമർശമുണ്ട്. വോട്ടർ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ചുമതലയാണ് ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) നിർവഹിക്കേണ്ടത്. നിയോഗിക്കപ്പെട്ട പോളിങ് ബൂത്തിലെ വോട്ടർ പട്ടികയെ സംബന്ധിച്ച് സൂക്ഷ്മമായി പഠിക്കുകയും ഫീൽഡ് വിസിറ്റ് നടത്തി വസ്തുതകൾ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുകയും അതുവഴി വോട്ടർ പട്ടികയുടെ ശുദ്ധീകരണം ഉറപ്പാക്കുകയും ചെയ്യേണ്ടത് ഇവരുടെ ചുമതലയാണ്. നിഷ്പക്ഷതയാണ് തെരഞ്ഞെടുപ്പ് കമീഷൻെറ മുഖമുദ്രയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന ബി.എൽ.ഒമാർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ അനുഭാവികളോ ആകരുത് എന്ന വ്യവസ്ഥയുണ്ട്. ഇതിന് വിരുദ്ധമായി സംഘടന രൂപവത്കരിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. ബി.എൽ.ഒ.മാരുടെ പ്രകടനം വിലയിരുത്താതെ അവരെ നിലനിർത്തിപ്പോകുന്നത് ആശാസ്യമല്ലാത്തതിനാൽ ബി.എൽ.ഒ.മാരുടെ മുൻകാല പ്രകടനം വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെയും തെരഞ്ഞെടുപ്പ് കമീഷൻെറ നിഷ്പക്ഷതക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരേയും സംഘടന പ്രവർത്തനം നടത്തുന്നവരേയും ഒഴിവാക്കി അനുയോജ്യരായവരെ കണ്ടെത്തി നിയോഗിക്കാനും പ്രവർത്തനം നിരന്തരം വിലയിരുത്താനും നിർദേശം നൽകുന്നുണ്ട്. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യം. ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ ആണ് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയത്. ബി.എൽ.ഒമാരെ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലെ പരിഗണിക്കാറില്ലെന്ന പരാതി വ്യാപകമായുണ്ട്. അവർക്ക് നൽകുന്ന തുഛവേതനം പോലും സമയത്ത് നൽകാറില്ലേത്ര. ഇത്തരം കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരാൻ ബി.എൽ.ഒ അസോസിയേഷൻ എന്ന പേരിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കഴിഞ്ഞ മാസങ്ങളിൽ എല്ലാ ജില്ലകളിലും കമ്മിറ്റികൾ നിലവിൽവന്നിട്ടുണ്ട്. ഇതിനെതിരെയാണ് പുതിയ നിർദേശങ്ങളെന്ന് ബി.എൽ.ഒമാർ പറയുന്നു.
Next Story