Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 11:59 PM GMT Updated On
date_range 4 Aug 2021 11:59 PM GMTമാക്കൂട്ടത്ത് കർശന പരിശോധന; അതിർത്തിയിലെ മലയാളി കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsഇരിട്ടി: മാക്കൂട്ടത്ത് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയതോടെ ദുരിതത്തിലായത് മാക്കൂട്ടത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്ന മലയാളി കുടുംബങ്ങൾ. സാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റും കൂട്ടുപുഴ, പേരട്ട, വള്ളിത്തോട് ടൗണുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കര്‍ണാടകയുടെ പിടിവാശി കാരണം ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാക്കൂട്ടത്ത് എത്തിയ കര്‍ണാടക എം.എല്‍.എ കെ.ജി. ബോപ്പയ്യയോട് നാട്ടുകാര്‍ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്നാംദിനവും നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്. ചരക്കുവണ്ടികളുടെ നീണ്ട നിരയും ഉണ്ടായി. മണിക്കൂറുകളോളം കാത്തു കിടന്നെങ്കിലും സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ വിടാനാവില്ലെന്ന കർശന നിലപാട് തുടർന്നതിനെ തുടർന്ന് യാത്രക്കാർ മടങ്ങി. യാത്രക്കാർക്കു 72 മണിക്കൂറിനുള്ളിലും ചരക്കുവാഹന തൊഴിലാളികൾക്കും ഏഴു ദിവസത്തിനുള്ളിലും എടുത്ത കോവിഡ് പരിശോധന സർട്ടിഫിക്കറ്റാണു വേണ്ടത്. മറ്റെല്ലായിടത്തും രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്നതിനാൽ ഇതുമായി വിശ്വസിച്ചു എത്തുന്നവരാണു മടങ്ങേണ്ടിവരുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ 50 ബസുകൾ സർവിസ് നടത്തിയിരുന്ന കണ്ണൂർ- ബംഗളൂരു റൂട്ടിൽ ബുധനാഴ്ച അഞ്ച് ബസുകൾ മാത്രമാണ് ഓടിയത്. ഓണക്കാലംകൂടി കണക്കിലെടുത്തു കേരള ആർ.ടി.സി കൂടുതൽ സർവിസ് നടത്തണമെന്നതാണ് അന്തർ സംസ്ഥാന യാത്രക്കാരുടെ ആവശ്യം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കർണാടകയുടെ പ്രവേശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലം ഉണ്ടാവണമെന്ന നിബന്ധന ഏറെ പേരെ ബാധിക്കുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ പ്രവേശിപ്പിക്കാത്ത കർണാടക നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അതിർത്തിയിൽ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു.
Next Story