Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2021 11:59 PM GMT Updated On
date_range 12 July 2021 11:59 PM GMTനാലാം തൂൺ ഉപരിതല വാർപ്പും പൂർത്തിയായി; കൂട്ടുപുഴ പാലംപണി അന്തിമഘട്ടത്തിലേക്ക്
text_fieldslead ഇരിട്ടി: കേരള -കർണാടക സംസ്ഥാനങ്ങളെ കൂട്ടിയിണക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന കൂട്ടുപുഴ പാലം പണി അന്തിമഘട്ടത്തിൽ. കോവിഡും ലോക്ഡൗണും തീർത്ത പ്രതിസന്ധിയും കർണാടക വനം വകുപ്പിൻെറ എതിർപ്പും അതിജീവിച്ച് കൂട്ടുപുഴ പുതിയ പാലം യാഥാർഥ്യത്തോട് അടുക്കുന്നു. പാലത്തിൻെറ നാലാം സ്പാനിൻെറ ഉപരിതല സ്ലാബ് വാർപ്പ് പൂർത്തിയായി. ഇനി ഒരു സ്പാൻ വാർപ്പുകൂടി പൂർത്തിയാക്കണം. രണ്ട് മാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപനം വന്നത് പാലം പണി പ്രതിസന്ധിയിലാക്കിയിരുന്നു. നിർമാണ രംഗത്തുള്ള 14 അന്തർ സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങുകയും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്‌സിജൻ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തത് പ്രതികൂലമായി ബാധിച്ചിരുന്നു. അവശേഷിച്ച 21 തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പണി മുന്നോട്ടു കൊണ്ടുപോകുന്നത്. കർണാടകയുടെ തടസ്സവാദം മൂലം മൂന്ന് വർഷത്തോളം മുടങ്ങിക്കിടന്ന പണി ജനുവരിയിലാണ് പുനരാരംഭിച്ചത്. അഞ്ച് തൂണുകളുള്ള പാലത്തിൻെറ മൂന്ന് സ്പാൻ വാർപ്പാണ് പൂർത്തിയാകാനുണ്ടായിരുന്നത്. അവശേഷിച്ച തൂണുകളിൽ രണ്ടെണ്ണം നേരത്തെ പൂർത്തിയായിരുന്നു. കരയിൽ നിർമിക്കേണ്ട തൂണിൻെറ നിർമാണമാണ് പൂർത്തിയായത്. പുഴയിലെ വെള്ളപ്പൊക്കം ഇനി നിർമാണത്തെ ബാധിക്കില്ല. കാലവർഷം ശക്തിപ്പെടുന്നതിനുമുമ്പ് നാല് സ്പാൻ വാർപ്പും പൂർത്തീകരിക്കണമെന്ന ലക്ഷ്യം കൈവരിക്കാനായത് നേട്ടമായി. അവസാന സ്പാനിന് തൂൺ വേണ്ടതില്ല. കരയോടു ചേർന്നുള്ള അബട്ട്‌മൻെറ് മതി. അബട്ട്‌മൻെറ് പണി രണ്ട് മീറ്റർ കൂടിയേ പൂർത്തിയാകാനുള്ളൂ. ഇവ പൂർത്തിയാക്കി അന്തിമ സ്ലാബ് വാർപ്പ് ആഗസ്റ്റ് പകുതിയോടെ നടത്താനും സെപ്റ്റംബർ ആദ്യ വാരത്തോടെ ഗതാഗതത്തിനു തുറന്നുകൊടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. കോവിഡ് പ്രതിസന്ധി വന്നതുമുതൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഓക്‌സിജൻ സിലിണ്ടർ വിതരണം നിർത്തിയതിനാൽ പകരമായി വെൽഡിങ് ആർക്ക് ഉപയോഗിച്ചും കട്ടർ ഉപയോഗിച്ചും പണി നടത്തുന്നതിൻെറ താമസവുമുണ്ട്. 2017 ഡിസംബർ 27 നാണ് കർണാടക വനം വകുപ്പ് കൂട്ടുപുഴ പാലം പണി തടസ്സപ്പെടുത്തിയത്. കർണാടക വനഭൂമിയിലാണ് പാലത്തിൻെറ മറുകര എത്തുന്നതെന്ന വാദം ഉയർത്തിയായിരുന്നു ഈ നീക്കം. ബ്രിട്ടീഷുകാർ പണിത നിലവിലുള്ള പാലം ഒരുവിധ അറ്റകുറ്റപ്പണിയും നടത്താത്തതിനാൽ കനത്ത തകർച്ചാ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ദിവസം നടന്ന സ്ലാബ് വാർപ്പിന് കെ.എസ്.ടി.പി അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ ഷീല ചോറൻ, അസി. എൻജിനീയർ കെ.വി.സതീശൻ, കൺസൽട്ടൻസി കമ്പനി ബ്രിഡ്ജസ് എൻജിനീയർ തനിഗ വേലു, ഇ.കെ.കെ സൈറ്റ് മാനേജർ ശിവദാസ് എന്നിവർ നേതൃത്വം നൽകി.
Next Story