Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2021 12:02 AM GMT Updated On
date_range 12 July 2021 12:02 AM GMTറെയിൽവേ മേൽപാലം റോഡിൽ യാത്ര ദുർഘടം
text_fieldsസ്വന്തം ലേഖകൻ രണ്ട് വർഷം മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം നടത്തിയ റോഡാണ് തകർന്നത് തലശ്ശേരി: റെയിൽവേ മേൽപാലം വഴിയുള്ള യാത്ര ദുഷ്കരമാകുന്നു. റോഡിലെ കുഴികളാണ് വാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതെങ്കിൽ നടപ്പാതയിലെ തകർന്ന സ്ലാബുകളാണ് കാൽനടക്കാർക്ക് വില്ലനാകുന്നത്. പാലത്തിൻെറ കൈവരികളും തകരാൻ പാകത്തിലാണ്. നടപ്പാതയിലെയും കൈവരികളിലെയും സിമൻറ് ഇളകി കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുകയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് പാലം നിർമിച്ചത്. ഇതിനിടയിൽ റോഡ് പലതവണ തകർന്നു. രണ്ട് വർഷം മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം നടത്തിയ റോഡാണ് വീണ്ടും തകരാൻ തുടങ്ങിയത്. റോഡിൻെറ ചില ഭാഗങ്ങളിലായി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതിനാൽ ഇരുചക്ര വാഹന യാത്രികരാണ് ദുരിതമനുഭവിക്കുന്നത്. രാത്രിയിൽ പാലത്തിന് മുകളിലെ വൈദ്യുതി വിളക്കുകൾ പലതും കത്താറില്ല. മഴ ശക്തമാകുമ്പോൾ റോഡിലെ കുഴികൾ വാഹനമോടിക്കുന്നവർക്ക് കാണാൻ പ്രയാസമാണ്. നടപ്പാതയിലെ സ്ലാബുകൾ പല ഭാഗങ്ങളിലായി തകർന്നിട്ടും മാസങ്ങളായി. കോവിഡ് പശ്ചാത്തലത്തിൽ പാലത്തിലൂടെ നടന്നുപോവുന്നവർ നിരവധിയാണ്. യാത്രക്കിടയിൽ സ്ലാബിലെ കുഴികളിൽ വീണ് നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരും പരാതിയുമായെത്താത്തതിനാൽ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൻെറ മേൽനോട്ടത്തിൽ നിർമിച്ച റെയിൽവേ മേൽപാലം 1999 ജനുവരി 19ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. തലശ്ശേരിയിൽ നിന്നും ഇരിട്ടി, മാനന്തവാടി, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പോകുന്നത് ഈ പാലം വഴിയാണ്. രണ്ട് വർഷം മുമ്പ് നവീകരണത്തിനായി പാലം മാസങ്ങളോളം അടച്ചിട്ടത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. റോഡിലെയും നടപ്പാതയിലെയും തകർന്ന ഭാഗങ്ങൾ അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story