Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 12:02 AM GMT Updated On
date_range 29 Jun 2021 12:02 AM GMTസ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ: ജനകീയ കാമ്പയിനുമായി സി.പി.എം
text_fieldsസ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ: ജനകീയ കാമ്പയിനുമായി സി.പി.എംകണ്ണൂർ: സ്ത്രീപീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ സി.പി.എമ്മിൻെറ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളമെന്ന പേരില്‍ വിപുലമായ ജനകീയ കാമ്പയിന്‍. ജൂലൈ ഒന്നുമുതല്‍ എട്ടുവരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്ത്രീധനം ഒരു അവകാശമായി ചിലര്‍ കാണുന്നതായും പരമ്പരാഗത സമ്മാനങ്ങളോ പാരിതോഷികങ്ങളോ സ്ത്രീധനമല്ലെന്ന നിയമത്തിൻെറ പഴുതിലൂടെ പലരും രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലൂടെ മാത്രം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാവില്ല. പുരുഷാധിപത്യ മനോഭാവം മാറ്റണം. സ്ത്രീപുരുഷ തുല്യത വാചകമടിയാവാതെ സമൂഹമാകെ അംഗീകരിക്കുന്ന പൊതുബോധമായി മാറ്റിയെടുക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളതും നിയമപരിരക്ഷയുള്ളതുമായ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം. ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് സി.പി.എം കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒന്നിന് രാത്രി ഏഴിന് സി.പി.എം കണ്ണൂര്‍ ഫേസ്ബുക്ക് പേജില്‍ 'സ്ത്രീധനം ഒരു –––––––––––––––––––––––സാമൂഹിക തിന്മ' എന്ന വിഷയത്തിൽ നടക്കുന്ന വെബിനാറിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ട്, മൂന്ന് തീയതികളില്‍ 18 ഏരിയ കമ്മിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ സാമൂഹിക-സാംസ്കാരിക വനിത നേതാക്കളും അഭിഭാഷകരും പ്രഭാഷണങ്ങള്‍ നടത്തും. നാല്, ആറ് തീയതികളില്‍ ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കും. ജൂലൈ ഏഴിന് രാത്രി ഏഴിന് കരിവെള്ളൂര്‍ മുതല്‍ മാഹി വരെ ദേശീയ പാതയിലും ജില്ലയിലെ പ്രധാനപ്പെട്ട പാതകളിലും സ്ത്രീപക്ഷ കേരളം - ദീപമാല പരിപാടി സംഘടിപ്പിക്കും. നാല് പേര്‍ വീതമുള്ള ഗ്രൂപ്പുകള്‍ റോഡില്‍ അണിനിരന്ന് ദീപം തെളിക്കും. ദേശീയപാതക്ക് പുറമെ ചെറുപുഴ-പയ്യന്നൂര്‍, കൊട്ടിയൂര്‍-ചെറുപുഴ, ശ്രീകണ്ഠപുരം - മയ്യില്‍ - പുതിയതെരു, താഴെചൊവ്വ - കൂത്തുപറമ്പ് - നിടുംപൊയില്‍, തലശ്ശേരി-കൂട്ടുപുഴ, ചൊവ്വ - മട്ടന്നൂര്‍ - ഇരിട്ടി, പെരിങ്ങത്തൂര്‍ - കൂത്തുപറമ്പ്, പയ്യാവൂര്‍-തളിപ്പറമ്പ്, ഇരിട്ടി-പേരാവൂര്‍, തലശ്ശേരി - മമ്പറം - അഞ്ചരക്കണ്ടി, ചാലോട്-ഇരിക്കൂര്‍, വളപട്ടണം - പഴയങ്ങാടി - പിലാത്തറ എന്നീ റോഡുകളിലും ദീപമാല സംഘടിപ്പിക്കും. ജൂലൈ എട്ടിന് 225 കേന്ദ്രങ്ങളില്‍ സ്ത്രീപക്ഷ കേരളം കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ബുധനാഴ്ച ജില്ലയിൽ 41,825 കേന്ദ്രങ്ങളില്‍ നടക്കുന്ന ഇന്ധന വിലക്കയറ്റ വിരുദ്ധ എല്‍.ഡി.എഫ് പ്രക്ഷോഭവും ജൂലൈ അഞ്ചിന് ക്വട്ടേഷന്‍-മാഫിയസംഘങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ 3801 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയും വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story