Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 12:02 AM GMT Updated On
date_range 26 Jun 2021 12:02 AM GMTലക്ഷ്യം സമ്പൂർണ ഖരമാലിന്യ നിർമാർജനം:
text_fieldsവീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമയക്രമം പാലിച്ച് പാഴ്‌വസ്തുക്കൾ ശേഖരിക്കും ശ്രീകണ്ഠപുരം: നഗരസഭയിലെ 30 വാർഡുകളിലും സമ്പൂർണ ഖരമാലിന്യ നിർമാർജനം ലക്ഷ്യമിട്ട് പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിന് നഗരസഭ കർമപദ്ധതികൾ ആവിഷ്കരിച്ചു. നഗരസഭയിലെ ഏഴായിരത്തിലധികം വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമയക്രമം പാലിച്ച് പാഴ്‌വസ്തുക്കൾ ശേഖരിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗം തുടക്കം കുറിച്ചിട്ടുള്ളത്. ഓരോ മാസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതോടൊപ്പം ചെരിപ്പുകൾ, കുടകൾ, ബാഗുകൾ, കുപ്പിച്ചില്ലുകൾ, ബിയർ കുപ്പികൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, തുണികൾ, ഇ- മാലിന്യം തുടങ്ങിയവ നഗരസഭ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് കാവുമ്പായി വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന എം.സി.എഫ് സൻെററുകളിലേക്ക് കൊണ്ടുപോകും. അവിടെനിന്നും തരംതിരിച്ച് ഖരമാലിന്യ നിർമാർജനത്തിനു കരാറെടുത്ത ഗ്രീൻ വേംസ് ഇക്കോ സൊലൂഷൻ എന്ന ഏജൻസി വഴി പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രത്തിലേക്കു കൊണ്ടുപോകും. നഗരസഭ പ്ലാസ്റ്റിക് ശേഖരണം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും പാഴ്വസ്തുക്കൾ ശേഖരിച്ചു തുടങ്ങിയിരുന്നില്ല. കോവിഡ് കാലത്ത് 15 ടണ്ണിലധികം പ്ലാസ്റ്റിക്കുകളാണ് റീസൈക്ലിങ് യൂനിറ്റിലേക്ക് നഗരസഭ കൈമാറിയത്. ഹരിത കർമസേനയുടെ നേതൃത്വത്തിൽ നടത്തുന്ന വാതിൽപടി ശേഖരണം 100 ശതമാനത്തിലേക്കെത്തുന്നതോടുകൂടി നഗരസഭ സമ്പൂർണ ഖരമാലിന്യ നിർമാർജന നഗരമാകുമെന്ന് അധ്യക്ഷ ഡോ. കെ.വി. ഫിലോമിന അറിയിച്ചു. ഇതിനായി നഗരസഭയിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കും. പ്രധാന ടൗണുകളിൽ ബോട്ടിൽ ബൂത്ത് സംവിധാനം ഏർപ്പെടുത്തും. കാവുമ്പായി പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ആർ.ആർ.എഫ് കെട്ടിടത്തിൻെറ നവീകരണത്തിനും വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. ഉറവിട ജൈവ മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകി വീടുകളിലും സ്ഥാപനങ്ങളിലും റിങ് കമ്പോസ്റ്റുകളും നൽകുന്നുണ്ട്. വീടുകളിൽ ശരിയായ രീതിയിൽ ജൈവ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നുണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധിക്കുകയും ചെയ്യും. കോഴിക്കടകളിലെ അവശിഷ്ടങ്ങൾ റെൻഡറിങ് പ്ലാൻറിലേക്കാണ് സംസ്കരണത്തിനായി കൊണ്ടു പോകുന്നത്. ഇതുമൂലം കോഴി മാലിന്യം പാതയോരങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാകും. വാതിൽപ്പടി ശേഖരണത്തിനായി എത്തുന്ന ഹരിതകർമസേന അംഗങ്ങൾക്ക് നിയമപ്രകാരമുള്ള യൂസർ ഫീ നൽകി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ചെയർപേഴ്സൻ അഭ്യർഥിച്ചു. കോവിഡ് കാല ആശ്വാസമായി എല്ലാ ഹരിതകർമസേന അംഗങ്ങൾക്കും ഗ്രീൻ വേംസ് ഇക്കോ സൊലൂഷൻ ഏർപ്പെടുത്തിയ ഒരുലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൻ കെ.വി. ഫിലോമിന വിതരണം ചെയ്തു.
Next Story