Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTഅതിർത്തിയടച്ച് ചൈന; മെഡിക്കൽ പഠനം പ്രതിസന്ധിയിലായി വിദ്യാർഥികൾ
text_fieldsbookmark_border
അതിർത്തിയടച്ച് ചൈന; മെഡിക്കൽ പഠനം പ്രതിസന്ധിയിലായി വിദ്യാർഥികൾകണ്ണൂർ: കോവിഡിനെ തുടർന്ന് ചൈനയിലെ മലയാളി മെഡിക്കൽ വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ. 2020 ജനുവരിയിൽ അവധിക്ക് നാട്ടിലെത്തിയ വിദ്യാർഥികളാണ് തിരിച്ചുപോകാനാവാതെ കുടുങ്ങിയത്. ഒന്നരവർഷം മുമ്പ് നാട്ടിലെത്തിയ ശേഷമാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതും ലോക്ഡൗൺ പ്രഖ്യാപിച്ചതും. ഇതേത്തുടർന്ന് ചൈനയുടെ അതിർത്തികൾ അടക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന് അൽപം അയവുവന്നെങ്കിലും ചൈനയിലേക്കുള്ള യാത്രാപ്രതിസന്ധി തുടർന്നു. കോവിഡ് രണ്ടാം തരംഗം കൂടി വന്നതോടെ വിദ്യാർഥികളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജില്ലയിൽ നൂറിലധികം വിദ്യാർഥികളാണ് തിരിച്ചുപോകാനാവതെ കുടുങ്ങിയിരിക്കുന്നത്. ഒന്നരവർഷമായി ഓൺലൈൻ ക്ലാസാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. എന്നാൽ, പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് നഷ്ടമാവുകയാണ്. മെഡിക്കൽ പഠനത്തിന് തിയറിയേക്കാൾ പ്രാധാന്യം പ്രാക്ടിക്കലും ക്ലിനിക്കലിനും ഉള്ളതിനാൽ വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ നാഷനൽ മെഡിക്കൽ കമീഷൻ ഓൺലൈൻ ക്ലാസ് അംഗീകരിക്കില്ലെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളും കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. കോവിഡിനുശേഷം മൂന്നാമത്തെ സെമസ്റ്ററാണ് നടക്കുന്നത്. പലരും ലോണെടുത്തും കടം വാങ്ങിയുമാണ് കോഴ്സിന് ചേർന്നത്. യാത്രാപ്രയാസം നേരിടുന്നതിനാൽ പലരും മാനസിക സംഘർഷത്തിലാണ്. നാഷനൽ മെഡിക്കൽ കമീഷൻ അംഗീകരിച്ച ലോകത്തിലെ ഉന്നത നിലവാരം പുലർത്തുന്ന 45 ഓളം മെഡിക്കൽ കോളജുകളിലാണ് മലയാളി വിദ്യാർഥികളുടെ പഠനം. ജില്ലയിൽ തളിപ്പറമ്പ് മേഖലയിൽനിന്ന് നിരവധി വിദ്യാർഥികൾ ചൈനയിൽ എം.ബി.ബി.എസിന് പഠിക്കുന്നുണ്ട്. അവധിക്ക് നാട്ടിൽ വരാനാവാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനൊപ്പം പ്രാക്ടിക്കൽ ക്ലാസുകളും ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ നാഷനൽ മെഡിക്കൽ കമീഷൻെറ അംഗീകാരം ലഭിക്കാതെ വന്നാൽ കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ഇവിടെ നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അവസരം വിദ്യാർഥികൾക്ക് നഷ്ടമാകും. ജന്മനാട്ടിൽ ഡോക്ടറായി സേവനം ചെയ്യാമെന്ന ആഗ്രഹവും ഇതോടെ ഇല്ലാതാവും. വിദേശത്ത് പഠിക്കുന്ന കുട്ടികൾക്ക്, ഇന്ത്യയുടെ ദേശീയ മെഡിക്കൽ അതോറിറ്റിയായ എൻ.എം.സിയിൽ നിന്നും കേരള മെഡിക്കൽ കൗൺസിലായ പി.സി.എം.സിയിൽ നിന്നും ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും പലപ്പോഴും വിദേശത്ത് പഠിക്കുന്ന കുട്ടികളോട് തികഞ്ഞ അവഗണനയും പക്ഷപാതവും കാണിക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു.വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്ന കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി രക്ഷിതാക്കൾ ചേർന്ന് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പാരൻറ്സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി എം.പിമാർ അടക്കമുള്ള ജനപ്രതിനിധികൾക്ക് നിവേദനങ്ങൾ കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story