Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:30 AM IST Updated On
date_range 4 Nov 2020 5:30 AM ISTഅവസാന നാളിൽ സ്ഥലം കൈമാറ്റ വിവാദത്തിൽ കോർപറേഷൻ
text_fieldsbookmark_border
ടി.കെ സ്റ്റോപ് പരിസരത്തെ ശ്മശാന ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാൻ അജണ്ടയുമായി ഭരണസമിതി കണ്ണൂർ: നഗര ഹൃദയത്തിലെ കണ്ണായ സ്ഥലം സ്വകാര്യ ട്രസ്റ്റിന് കൈമാറാനുള്ള കോർപറേഷൻ ഭരണസമിതിയുടെ നീക്കം വിവാദത്തിൽ. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് അജണ്ട കൊണ്ടുവന്നത്. കോടിക്കണക്കിനു രൂപ വിലവരുന്ന ടി.കെ സ്റ്റോപ് പരിസരത്തെ ഒതയോത്ത് തീയ സമുദായ ശ്മശാന ഭൂമിയാണ് സ്വകാര്യ ട്രസ്റ്റിന് നൽകാൻ അജണ്ട കൊണ്ടുവന്നത്. ഇത് യോഗത്തിൽ ശക്തമായ ബഹളത്തിന് ഇടയാക്കി. എൽ.ഡി.എഫ് കൗൺസിലർമാർക്ക് പുറമെ കോർപറേഷൻ സെക്രട്ടറിയും എതിർപ്പുമായി രംഗത്തെത്തിയത് യു.ഡി.എഫിന് തിരിച്ചടിയായി. പ്രതിഷേധങ്ങൾക്കിടയിലും, നിയമപരമായ വിദഗ്ധാഭിപ്രായം തേടിയ ശേഷം ഭൂമി കൈമാറാമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്. തീയ സമുദായത്തിൻെറ ശവസംസ്കാരം നടത്തുന്നതിന് മുനിസിപ്പാലിറ്റിക്ക് വിട്ടുനൽകിയതാണ് നഗരത്തിലെ കണ്ണായ സ്ഥലത്തെ 2.95 ഏക്കർ വരുന്ന ഭൂമി. ഇത് കോർപറേഷൻെറ കൈവശമാണ്. കൗൺസിലിൻെറ കാലാവധി നവംബർ 12ന് അവസാനിക്കാനിരിക്കെയാണ് ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാനുള്ള അജണ്ടയുമായി ഭരണസമിതി വന്നത്. ഇൗ സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് 2005ൽ നഗരസഭ കൗൺസിൽ യോഗം ഭൂമി ആർക്കും വിട്ടു നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇൗ തീരുമാനം നടപ്പാക്കണമെന്നാണ് എൽ.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യം. ആരുമായും ചർച്ച ചെയ്യാതെ സ്വകാര്യ ട്രസ്റ്റിന് ഭൂമി വിട്ടുകൊടുക്കാൻ അജണ്ട കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിച്ചു. 2005ൽ മുനിസിപ്പാലിറ്റി തള്ളിക്കളഞ്ഞ ഭൂമി കൈമാറ്റമാണ് അഴിമതിയും സങ്കുചിത താൽപര്യവും മുൻനിർത്തി സ്വകാര്യ ട്രസ്റ്റിന് വീണ്ടും വിട്ടുകൊടുക്കാൻ ശ്രമിക്കുന്നത്. സർക്കാറിൽ നിക്ഷിപ്തമായ ഭൂമി വിട്ടുകൊടുക്കുമ്പോൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും എൽ.ഡി.എഫ് കൗൺസിലർമാരും സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും അവ മുഖവിലക്കെടുക്കാതെ അജണ്ട പാസാക്കിയെടുക്കാൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് രംഗത്തുവന്നതോടെയാണ് കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയത്. കോർപറേഷൻെറ ആസ്തിയിൽ ഉൾപ്പെട്ട ഭൂമി കൈമാറണമെങ്കിൽ സർക്കാറിൻെറ അനുമതി വേണമെന്നും അനുമതിയില്ലാതെ ഭൂമി കൈമാറാൻ കോർപറേഷന് അധികാരമില്ലെന്നും സെക്രട്ടറി വിശദീകരിച്ചു. നേരത്തെ തന്നെ നിയമാഭിപ്രായം വാങ്ങാതെ അജണ്ട കൊണ്ടുവന്നതിൽ യു.ഡി.എഫ് അംഗങ്ങളിലും അതൃപ്തിയുണ്ട്. അമൃത് പദ്ധതികൾക്ക് എസ്റ്റിമേറ്റിൽ കൂടുതൽ ഫണ്ട് അനുവദിക്കുന്ന അജണ്ടകളിൽ വിശദാംശം രേഖപ്പെടുത്തിയിരുന്നില്ലെന്നും ഇത് അഴിമതിക്ക് വേണ്ടിയാണെന്നും സി.പി.എം പാർട്ടി ലീഡർ എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ടി. രവീന്ദ്രൻ എന്നിവർ പറഞ്ഞു. ചർച്ചയിൽ എം.വി. സഹദേവൻ, കെ.പി. സജിത്, തൈക്കണ്ടി മുരളീധരൻ, അഡ്വ. ടി.ഒ. മോഹനൻ, സി. സമീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story