Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2020 5:28 AM IST Updated On
date_range 31 Aug 2020 5:28 AM ISTതിരിച്ചടിയായി കോവിഡ് വിഷു പോയി ഓണവും; വീണുടഞ്ഞ് മൺപാത്ര വ്യവസായം
text_fieldsbookmark_border
പയ്യന്നൂർ: കോവിഡ്-19 മഹാമാരിയിൽ വീണുടയുകയാണ് കേരളത്തിലെ മൺപാത്ര വ്യവസായം. ഈ കുടിൽവ്യവസായം തകർന്നടിയുമ്പോൾ കലം മാത്രമല്ല, കുറേ ജീവിതവുംകൂടിയാണ് ഉടയുന്നത്. തകർച്ച വിഷുവും പെരുന്നാളും കടന്ന് തിരുവോണത്തിലും തുടരുന്നതോടെ പരമ്പരാഗത മൺപാത്ര നിർമാണ വ്യവസായവും ഓർമയുടെ മണ്ണടരിലേക്ക് നടന്നടുക്കുകയാണ്. വിൽപന കുറഞ്ഞതോടെയാണ് കേരളത്തിലെ ഗ്രാമീണ സമ്പദ്മേഖലയെ ഒരു കാലത്ത് കാര്യമായി സ്വാധീനിച്ച മൺപാത്ര നിർമാണം പഴങ്കഥയായി മാറുന്നത്. പ്രധാനമായും വീടുകൾ കയറിയിറങ്ങിയാണ് പാത്രങ്ങളുടെ വിൽപന നടത്തിയിരുന്നത്. കോവിഡിനെ തുടർന്ന് അതും നിലച്ചു. പാതയോരങ്ങളിലെ വിൽപനയും യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ഇല്ലാതായി. ഒപ്പം അടച്ചിടൽ മൂലമുള്ള സാമ്പത്തിക തളർച്ചയും വ്യവസായത്തിന് തിരിച്ചടിയായി. കുടിൽ വ്യവസായമെന്ന നിലയിൽ കളിമൺപാത്ര നിർമാണം വീടുകൾ കേന്ദ്രീകരിച്ച് സജീവമായിരുന്നു മുമ്പ്. എന്നാൽ, ഇന്ന് ഇത് ചുരുക്കം വീടുകളിൽ മാത്രമായി ഒതുങ്ങി. രണ്ട് പതിറ്റാണ്ടുകൾക്കു മുമ്പുവരെ പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള കാറമേൽ, മാവിച്ചേരി, കുഞ്ഞിമംഗലം, എരമം തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ഞൂറോളം കുടുംബങ്ങൾ ഈ മേഖലയിൽ തൊഴിൽ ചെയ്ത് ജീവിച്ചിരുന്നു. ഇപ്പോൾ ഇത് വിരലിലെണ്ണാവുന്നവരിൽ മാത്രമായി ഒതുങ്ങി. പുതിയ തലമുറയിൽപ്പെട്ടവരാരും ഈ തൊഴിലിൽ ഏർപ്പെടാത്തത് മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. അസംസ്കൃത സാധനങ്ങൾ കിട്ടാനില്ല നിർമാണത്തിനുള്ള കളിമണ്ണിൻെറ ലഭ്യത കുറവ്, വിറക്, മണൽ, വൈക്കോൽ എന്നിവയുടെ ക്ഷാമം, അധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടാത്ത അവസ്ഥ, സർക്കാറിൻെറ അവഗണന എല്ലാം ഈ വ്യവസായത്തെ തളർത്തി. ഇതിനു പുറമെയാണ് മഹാമാരിയുടെ വിളയാട്ടം. ഏറ്റവും കൂടുതൽ മൺകലം വിൽപന നടക്കുന്ന വിഷുക്കാലം കോവിഡ് മൂലം ഇല്ലാതായതും തുടർന്ന് തൊഴിലാളികൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയും ആയതോടെ ജീവിതത്തിൻെറ പ്രതീക്ഷയും തകർന്നു. മഹാമാരിയുടെ ആധികൾക്കിടയിലും ഓണക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു തൊഴിലാളികൾ. എന്നാൽ, ഈ പ്രതീക്ഷയും ഇപ്പോൾ വീണുടഞ്ഞു. വിഷുക്കാലം മുടങ്ങിയതോടെ വലിയ പ്രതിസന്ധിയെ നേരിട്ടു. ഇപ്പോൾ വീടുകൾ കയറിയിറങ്ങി വിൽപന സാധ്യമാകാത്തത് കൂടുതൽ സങ്കീർണമാക്കിയതായി മൺപാത്ര തൊഴിലാളിയായ ടി.വി. ചന്ദ്രമതി പറഞ്ഞു. നോക്കുകുത്തിയായി കോർപറേഷൻ കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ രൂപവത്കരിച്ച് അഞ്ചു വർഷത്തിലധികമായിട്ടും പ്രവർത്തനം വേണ്ടവിധം പുരോഗമിച്ചില്ല. കോർപറേഷൻ ഉണ്ടായിട്ടും കോവിഡ്കാല അതിജീവനത്തിനായി ധനസഹായം ലഭിക്കാത്തത് ഇതിനുദാഹരണം. നാലു മാസത്തിലധികമായി കെട്ടിക്കിടക്കുന്ന മൺപാത്രങ്ങൾ വിറ്റഴിയാനായി വിപണന കേന്ദ്രങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന് കേരള മൺപാത്ര നിർമാണ സമുദായസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട് പറഞ്ഞു. ആറുവർഷം മുമ്പ് മൺപാത്ര തൊഴിലാളികൾക്ക് നൽകിയതുപോലെ തിരിച്ചടവില്ലാത്ത ധനസഹായം കോർപറേഷനിലൂടെ നൽകാൻ സർക്കാർ തയാറാവണം. പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തി എല്ലാവിധ ആനുകൂല്യവും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story