കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം
text_fieldsകണ്ണൂര്‍: കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.സി. താഹയുടെ കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടിയിലെ വീടിനുനേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ ആക്രമണത്തില്‍ ജനല്‍ ഗ്ലാസ് തകര്‍ന്നു. താഹയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യയുടെ അടുത്ത ബന്ധു കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മാച്ചേരിയിലെ ഭാര്യവീട്ടില്‍ 22മുതല്‍ ക്വാറൻറീനിലാണ് താഹയും കുടുംബവും.
കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയതായി ടി.സി. താഹ പറഞ്ഞു. ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച കല്ല് സംഭവസ്ഥലത്തുനിന്ന് പൊലീസിനു കിട്ടിയതായും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശന് പാച്ചേനി സംഭവസ്ഥലം സന്ദര്‍ശിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സതീശൻ പാച്ചേനി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് ആയിക്കര എന്നിവർ താഹയുടെ വീട് സന്ദർശിച്ചു.