Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:32 AM IST Updated On
date_range 21 Aug 2022 12:32 AM ISTപ്രളയം: നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് വികസന സമിതി
text_fieldsbookmark_border
ഇരിട്ടി: കണിച്ചാർ-കേളകം മേഖലകളിലെ പ്രളയത്തിൽ നാശം സംഭവിച്ചവർക്ക് ജീവിതസാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗം ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം സർക്കാറിലേക്ക് അയക്കും. നിലവിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തുകകൊണ്ട് ശുചീകരണംപോലും നടത്താൻ തികയില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്ത ദുരന്തമാണ് കനത്ത മഴയിൽ സംഭവിച്ചത്. നിലവിൽ ലഭ്യമായ കണക്കുപ്രകാരം 38 വീടുകളാണ് തകർന്നതെന്ന് തഹസിൽദാർ അറിയിച്ചു. 105 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരൊക്കെ വീടുകളിലേക്ക് തിരികെപോയിട്ടുണ്ട്. കേളകം പഞ്ചായത്തിലെ ശാന്തിഗിരി-കൈലാസം പടിയിലെ ഭൂമി വിള്ളൽ പ്രതിഭാസത്തെക്കുറിച്ച് ദുരന്തനിവാരണ വിഭാഗം പരിശോധന നടത്തി. ഏഴു കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനും ധനസഹായം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നായിരുന്നു റവന്യൂ വകുപ്പ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നത്. കൂടുതൽ പഠനങ്ങൾക്കായി പാലക്കാട് ഐ.ഐ.ടിയിൽനിന്നുള്ള സംഘം ഈയാഴ്ച എത്തും. ഇതുവരെയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കഴിഞ്ഞ മാസം 27 വരെയുള്ള അപേക്ഷകളിൽ നഷ്ടപരിഹാരത്തുക കൊടുത്തതായി തഹസിൽദാർ അറിയിച്ചു. ആറളം ഫാമിൽ മൂന്നു മന്ത്രിമാരും രണ്ട് എം.എൽ.എമാരും പങ്കെടുത്ത യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലും ആവർത്തിച്ച് ആവശ്യപ്പെട്ട ആനമതിൽ തള്ളി നിലവിലെ പൊളിഞ്ഞ മതിൽ ആദിവാസികളുടെ സഹകരണത്തോടെ അറ്റകുറ്റപ്പണി നടത്താനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കത്തിൽ സർക്കാറിനെ അതൃപ്തി അറിയിക്കും. ഇരിട്ടി പുതിയ പാലത്തിനു സമീപത്തെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം പ്രവർത്തനക്ഷമമാക്കണമെന്ന് കെ. മുഹമ്മദലി ആവശ്യപ്പെട്ടു. ആറളം പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലത്തിന് ബജറ്റിൽ രണ്ടു കോടി അനുവദിച്ചിട്ടുണ്ടെങ്കിലും പരിശോധന റിപ്പോർട്ടിനായി കാലതാമസം നേരിടുകയാണെന്നും നിർമാണം വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും പായം ബാബുരാജ് ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി. ശ്രീമതി, റോയ് നമ്പൂടകം, പി.പി. വേണുഗോപാൽ, കെ.പി. രാജേഷ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
