Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:36 AM IST Updated On
date_range 23 Jun 2022 5:36 AM ISTകാഞ്ഞിരക്കൊല്ലിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: കാട്ടാനശല്യം പതിവായതോടെ പൊറുതിമുട്ടി കാഞ്ഞിരക്കൊല്ലി മേഖലയിലെ കർഷകർ. കഴിഞ്ഞദിവസം ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം മീശക്കവലയിലെ കർഷകനായ ഞാറുമണ്ണാറാത്ത് കുഞ്ഞുമോൻ എന്ന ജോസഫിന്റെ മൂന്ന് ഏക്കർ സ്ഥലത്തെ വിളകൾ നശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന തെങ്ങ്, കമുക്, വാനില, വാഴ, റബർ എന്നിവ പൂർണമായി നശിപ്പിച്ചു. കയ്യാല നിർമിച്ച് തട്ടുകളാക്കിയിരുന്ന കൃഷിഭൂമിയിലെ വിളകളെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. കയ്യാലകളും തകർത്തു. മൂന്നുവർഷം മുമ്പും കാട്ടാനകൾ കുഞ്ഞുമോന്റെ കൃഷിയിടത്തിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. കുറച്ചു കാലങ്ങളായി ശല്യമില്ലാത്തതിനാൽ മുമ്പ് തകർത്തതെല്ലാം പുനഃസൃഷ്ടിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് ഒറ്റ രാത്രികൊണ്ട് കാട്ടാനകൾ എല്ലാം നശിപ്പിച്ചതെന്ന് കുഞ്ഞുമോൻ പറയുന്നു. ആനവേലിയുടെ നിർമാണം വേഗത്തിലാക്കണമെന്നും കർഷകന് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകസംഘം കാഞ്ഞിരക്കൊല്ലി യൂനിറ്റ് ആവശ്യപ്പെട്ടു. കർഷകസംഘം നേതാക്കളായ ജിൽസൺ കണികത്തോട്ടം, ജോസഫ് ഇലവുങ്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പയ്യാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന സൗരോർജ തൂക്കുവേലിയുടെ നിർമാണം തുടങ്ങിയിട്ടുണ്ടെങ്കിലും പൂർത്തിയായില്ല. ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കിലോമീറ്റർ ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ തൂക്കുവേലികൾ ഒരുക്കുന്നത്. ജില്ല പഞ്ചായത്തും പയ്യാവൂർ ഗ്രാമപഞ്ചായത്തും 25 ലക്ഷം രൂപ വീതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. നേരത്തേ മാർച്ച് 31നുമുമ്പായി തൂക്കുവേലിയുടെ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. സൗരോർജ തൂക്കുവേലി ഒരുങ്ങിയാൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് മലയോര കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

