Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:33 AM IST Updated On
date_range 21 Jun 2022 5:33 AM ISTറോഡ് പറമ്പായി; എടക്കാനം നിവാസികൾ ദുരിതത്തിൽ
text_fieldsbookmark_border
ഇരിട്ടി: റോഡ് പറമ്പായതോടെ കൂർത്ത കല്ലുകൾ കാലിൽതറച്ച് കാൽനട പോലും ദുഷ്കരമായിരിക്കുകയാണ് ഇരിട്ടി -എടക്കാനം റോഡ്. ഇരുവശങ്ങളിലും കുഴികളുള്ള വീതി കുറഞ്ഞ ഈ റോഡിലൂടെ എങ്ങനെ യാത്ര ചെയ്യുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ഇരിട്ടി നഗരസഭയിൽ ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള ഏക റോഡായ ഇരിട്ടി-എടക്കാനം-പഴശ്ശി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഈ റോഡിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് നിരവധി തവണ വീണ് പരിക്കേറ്റിട്ടുണ്ട്. കാൽ നടക്കാർ തെന്നി കുഴിയിൽവീണ് പരിക്കേറ്റ സംഭവങ്ങളുമുണ്ടായി. ഫലത്തിൽ കാൽ നടക്കുപോലും പറ്റാത്ത ഈ റോഡിലൂടെയാണ് പ്രദേശത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്നത്. നാട്ടിൻപുറങ്ങളിലെ ഇടുങ്ങിയ റോഡുകൾപോലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമായപ്പോൾ നഗരസഭയിലെ പ്രധാന റോഡിനോടാണ് ഈ അവഗണന. ഇരിട്ടി -മട്ടന്നൂർ കുടിവെള്ള പദ്ധതിയിൽ നിന്നും ഇരിട്ടിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ വെളിയമ്പ്ര മുതൽ ഇരിട്ടി ഹൈസ്‌കൂൾ പരിസരത്തെ ടാങ്കിലേക്ക് എത്തിക്കുന്നതിന് റോഡിന്റെ ഒരുഭാഗം കുഴിച്ചതും റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടി. കുഴിയെടുത്ത ഭാഗം രണ്ടുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും മൂടിയ ഭാഗം ഉറപ്പിക്കാൻപോലും കഴിഞ്ഞിട്ടില്ല. മഴപെയ്തതോടെ മൂടിയ ഭാഗത്ത് കുഴി രൂപപ്പെട്ടതിനാൽ കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഏറെ കഷ്ടപ്പെടുന്നത്. സ്‌കൂൾ തുറന്നതോടെ കുട്ടികളെ എടുക്കാൻ വരുന്ന വാഹനങ്ങൾ വളരെ സാഹസപ്പെട്ടാണ് ഇതുവഴി കടന്നു പോവുന്നത്. ഇരിട്ടിയിൽനിന്നും എടക്കാനത്തേക്ക് ഒരു ജനകീയ ബസ് മാത്രമാണ് സർവിസ് നടത്തുന്നത്. യാത്രാസൗകര്യം കുറവായതിനാൽ സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് അധികം പേരും ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകൾ ഭീതിയോടെയാണ് വാഹനം ഓടിക്കുന്നത്. എതിർവശത്തുനിന്നും വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡിൽ നിർത്തി വലിയ വാഹനം കടന്നുപോയതിന് ശേഷമാണ് യാത്ര തുടരുക. ഏഴ് കിലോമീറ്റർ യാത്രക്കിടയിൽ നിരവധി തവണ നിർത്തി യാത്രചെയ്യേണ്ട അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്. പ്രധാനമന്ത്രി റോഡ് വികസന പദ്ധതി പ്രകാരം വർഷങ്ങൾക്കുമുമ്പാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. ഇരിട്ടി ഉൾപ്പെടെ മലയോര മേഖലയിൽനിന്നും പഴശ്ശി ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റൂട്ടായിട്ടും റോഡിന്റെ പ്രാധാന്യമനുസരിച്ചുള്ള പരിഗണന കിട്ടുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. പടം: തകർന്ന ഇരിട്ടി -എടക്കാനം റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
