Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:49 AM IST Updated On
date_range 13 Jun 2022 5:49 AM ISTഅപകടമുനമ്പിൽ ധർമടം പഴയപാലം
text_fieldsbookmark_border
തലശ്ശേരി: നടുവൊടിഞ്ഞ ധർമടം പഴയപാലം പതനം കാത്തിരിക്കുന്നു. കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ എട്ട് പതിറ്റാണ്ടിലേറെ സുഗമമായ യാത്രക്ക് വഴിയൊരുക്കിയ പാലം പുഴയിലേക്ക് കൂപ്പുകുത്തുന്നതും കാത്തിരിക്കുകയാണ് അധികൃതർ. പാലം അപകടാവസ്ഥയിലായിട്ട് വർഷം പത്ത് പിന്നിടുകയാണ്. മധ്യഭാഗം തകർന്ന് പുഴയിലേക്ക് കൂപ്പുകുത്തുന്ന നിലയിലാണ് പാലത്തിന്റെ കിടപ്പ്. എന്നാൽ, പാലം പൊളിച്ചുമാറ്റാൻ അധികൃതരാരും വേണ്ടത്ര താൽപര്യമെടുക്കുന്നില്ല. 2012 മേയ് അഞ്ചിന് പുലർച്ചയാണ് പാലത്തിന് അപകടമുണ്ടായത്. അടിത്തൂണുകളിൽ ഒന്ന് പുഴയിൽ താഴ്ന്ന് പോയതിനാൽ മധ്യഭാഗം പിളരുകയായിരുന്നു. ധർമടം പുഴയിൽ 1940ലാണ് ബ്രിട്ടീഷുകാർ പാലം പണിതത്. 82 മീ. നീളവും 5.40 മീ. വീതിയിലുമായിരുന്നു നിർമാണം. വാഹനങ്ങൾ വർധിച്ച് ഗതാഗതം കൂടിയതോടെ ബലക്ഷയം വന്ന പാലം 1986ലും 1998ലും അറ്റകുറ്റപ്പണി ചെയ്ത് ശക്തിപ്പെടുത്തിയിരുന്നു. പിന്നീട് 2001ൽ മുംബെയിലെ ഗിൽക്കോൺ കൺസൾട്ടൻസി നടത്തിയ പഠനത്തിൽ തൂണുകളിൽ ചിലത് താഴ്ന്നതായും വാഹനങ്ങൾ കടന്നുപോവുമ്പോൾ പാലത്തിന് അസാധാരണ കുലുക്കം അനുഭവപ്പെടുന്നതായും കണ്ടെത്തി. ഇതേതുടർന്ന് ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 2007ൽ സമീപത്ത് പുതിയ പാലം പണിത് ഗതാഗതത്തിന് തുറന്നുനൽകി. ഇതോടെ പഴയപാലം ഉപേക്ഷിച്ചു. തകർന്നയുടൻ പൊളിച്ചുമാറ്റണമെന്ന് നാട്ടുകാരും ധർമടം മേഖലയിലെ മത്സ്യത്തൊഴിലാളികളും പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും പൊതുമരാമത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായില്ല. **************************************** പാലത്തിൽ മീൻപിടിത്തം തകൃതി ധർമടം പഴയപാലം അപകടത്തിലാണെങ്കിലും ചൂണ്ടയിട്ട് പുഴയിൽ മീൻ പിടിക്കാൻ എത്തുന്നവർ ധാരാളം. വൈകുന്നേരങ്ങളിലാണ് പാലത്തിന്റെ പലഭാഗങ്ങളിൽനിന്ന് ആളുകൾ പുഴയിലേക്ക് ചൂണ്ടയിടുന്നത്. പാലം തകർച്ചയിലാണെന്ന് അറിയാവുന്ന തദ്ദേശവാസികളാണ് ഇവരിലധികവും. ചിലപ്പോൾ കുട്ടികൾ സൈക്കിൾ ഓടിച്ചും പാലത്തിലെത്താറുണ്ട്. പുഴയിൽ തോണിയിൽ മീൻ പിടിക്കാനെത്തുന്നവരും പാലത്തിനടിയിലൂടെ യാത്ര ചെയ്യാറുണ്ട്. എന്നാൽ, പാലം അപകടത്തിലാണെന്ന മുന്നറിയിപ്പൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആളുകൾ പാലത്തിൽ പ്രവേശിക്കുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടത്തിന് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story