Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:37 AM IST Updated On
date_range 13 Jun 2022 5:37 AM ISTഅപകട പാതയായി വായിക്കമ്പ-കൂർഗ് റോഡ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: വികസന കുതിപ്പിൽ മലയോരത്തിന്റെ മുഖഛായ മാറ്റിയ തളിപ്പറമ്പ്-വായിക്കമ്പ കൂർഗ് അതിർത്തി റോഡ് അപകട പാതയായി. 2015ൽ 49 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ ഈ പാതക്ക് മങ്ങലേറ്റതോടെയാണ് അപകടം പതിവായത്. തളിപ്പറമ്പ് നഗരസഭ, പരിയാരം, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, നടുവില്‍, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് കുന്നും മലകളും താണ്ടി റോഡ് കടന്നുപോകുന്നത്. മന്ന മുതൽ മണക്കടവു വരെയുള്ള ചെറു ടൗണുകളിലെല്ലാം നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളുമാണ് ഉയർന്നുവന്നത്. നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി പോകുന്നത്. ഏഴര വർഷം പിന്നിടുമ്പോൾ റോഡിന്റെ പ്രൗഢി നഷ്ടപ്പെട്ടതാണ് അപകടങ്ങൾ പെരുകാൻ കാരണമായത്. റോഡിലെ അടയാളങ്ങൾ ഏറക്കുറെ എല്ലായിടത്തും മാഞ്ഞു. സീബ്രാലൈനും അരികുകളിലെയും മധ്യഭാഗത്തെയും വരകളും മാഞ്ഞിട്ടുണ്ട്. റോഡരികിലെ വഴിവിളക്കുകൾ പലതും കത്തുന്നുമില്ല. ആധുനിക രീതിയിൽ സ്ഥാപിച്ച സൂചന ബോർഡുകൾ പലതും വാഹനങ്ങളിടിച്ചും മറ്റും ഇല്ലാതായി. ബോർഡുകൾ നഷ്ടപ്പെട്ട് തൂണുകൾ മാത്രം അവശേഷിക്കുന്നതും ഏറെയുണ്ട്. കാട്ടുവള്ളികൾ പടർന്നുകയറി മറഞ്ഞുപോയ ബോർഡുകളുമുണ്ട്. ദിശാ ബോർഡുകൾ ഇല്ലാത്തതും യാത്രക്കാർക്ക് ഏറെ ദുരിതമുണ്ടാക്കുന്നുണ്ട്. നഷ്ടപ്പെട്ട ബോർഡുകൾ മാറ്റി സ്ഥാപിക്കാൻ ഇതുവരെ നടപടികൾ ഉണ്ടാവാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡരികിലെ ഓവുചാലുകൾ മിക്ക സ്ഥലങ്ങളിലും മൂടിയ നിലയിലാണ്. അതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകി കെട്ടിനിൽക്കുന്ന കാഴ്ചയുണ്ട്. മീമ്പറ്റി, ആശാ നഗർ, അരങ്ങം, ചെമ്മിനിച്ചൂട്ട തുടങ്ങിയ സ്ഥലങ്ങളിൽ റോഡിലൂടെയാണ് മലിനജലം ഒഴുകിപ്പോകുന്നത്. പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണ സമയത്ത് പല ഭാഗങ്ങളിലും ഓവുചാലുകൾ നികത്തുകയും ചെയ്തിട്ടുണ്ട്. അമിത വേഗത്തിൽ കുതിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ദിനംപ്രതി രണ്ടും മൂന്നും അപകടങ്ങൾ ഈ പാതയിൽ നടക്കുന്നതായി യാത്രക്കാർ പറയുന്നു. കായാട്ടു പാറ, നാടുകാണി, ഒടുവള്ളി വളവുകൾ എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയും. നാടുകാണിയിലെ കാമറ പ്രവർത്തിക്കാത്തത് അമിത വേഗത നിയന്ത്രിക്കുന്നതിന് തടസ്സമായിട്ടുണ്ട്. മഴക്കാലമായതോടെ അപകടങ്ങളുടെ എണ്ണം വർധിച്ചു. വലിയ ചരക്കു ലോറികൾ ഒടുവള്ളി വളവു തിരിയാനാവാതെ കുടുങ്ങിക്കിടക്കുന്നതും പതിവു കാഴ്ചയാണ്. ചില ഭാഗങ്ങളിലെല്ലാം റോഡ് കൈയേറ്റവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
