Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:37 AM IST Updated On
date_range 10 Jun 2022 5:37 AM ISTകർശന നിയമം കടലാസിൽ; സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ
text_fieldsbookmark_border
ശ്രീകണ്ഠപുരം: വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും മൗനം നടിച്ച് അധികൃതർ. കർശന നിയമം കടലാസിലൊതുക്കിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പർ ലോറികളും മറ്റും സ്കൂൾ സമയത്തടക്കം മരണപ്പാച്ചിൽ നടത്തുന്നത്. സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് ക്ലാസുകൾ വിടുന്ന നാല് മുതൽ ആറ് വരെയും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്. രാവിലെയും വൈകീട്ടും ഉച്ചക്കുമെല്ലാം കുട്ടികൾ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് വർഷം മുമ്പ് ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി തന്നെ ഉത്തരവിട്ടത്. അതിരാവിലെ ഓടാമെങ്കിലും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയം ലോറിസർവിസ് നിർത്തിവെക്കണം. തുടർന്ന് രാവിലെ 10ന് ശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലു മുതൽ വീണ്ടും നിർത്തിവെക്കണം. പിന്നീട് ആറിനു ശേഷം ഓടാവുന്നതാണ്. സ്കൂൾ സമയത്തെ ഓട്ടം തടഞ്ഞു കൊണ്ടുള്ള ഈ ഉത്തരവാണ് നിലവിൽ ഒരിടത്തും പാലിക്കാതെ കാറ്റിൽ പറത്തിയത്. കോവിഡിനും ലോക്ഡൗണിനും ശേഷം അധ്യയന വർഷം സജീവമായിട്ടും നിയമം നടപ്പാക്കേണ്ടവർ മൗനം തുടരുകയാണ്. അനധികൃത കരിങ്കൽ-ചെങ്കൽ ക്വാറികളിൽ നിന്നടക്കം ഒരു നിയമവും പാലിക്കാതെ നിറയെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ ഒരു പരിശോധനയും ഉണ്ടാവുന്നില്ല. സ്കൂൾ കുട്ടികളെയും മറ്റ് വഴി യാത്രികരെയും വകവെക്കാതെയാണ് രാവിലെയും വൈകീട്ടും ടിപ്പറുകൾ പരക്കം പായുന്നത്. നിറയെ കരിങ്കല്ലുകൾ നിറച്ച് ടിപ്പറുകൾ അതിവേഗം പായുമ്പോൾ റോഡിലേക്ക് കല്ലുകൾ തെറിച്ചു വീഴുന്നതും ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. ജീവൻ പണയംവെച്ചാണ് ഈ സമയങ്ങളിൽ കുട്ടികളടക്കം യാത്ര ചെയ്യുന്നത്. ഇരുചക്രവാഹന യാത്രികരും ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഏറെ ഭീതിയിലാണ്. വലിയ ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കുട്ടികളെയും കാണാത്ത വിധം കുതിച്ചു പായുമ്പോൾ മലയോര മേഖലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ ഏറെ ആശങ്കയിലാണുള്ളത്. സ്കൂൾ വാഹനങ്ങളെപ്പോലും മറികടന്ന് പോകുന്ന ലോറികൾ ഏറെ അപകടക്കെണിയൊരുക്കുന്നുണ്ട്. നിയമം ലംഘിക്കുമ്പോഴും പൊലീസ് ടിപ്പറുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽപോലും നിയമലംഘനത്തിനെതിരെ നടപടിയില്ല. റോഡ് വികസനത്തിന്റെയും കടൽ ഭിത്തി നിർമാണത്തിന്റെയും ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വ്യാജമായി ബോർഡുകൾ പതിച്ചാണ് കരിങ്കല്ലുകളും മണ്ണും ഉൾപ്പെടെ വ്യാപകമായി കടത്തുന്നത്. ചിലയിടങ്ങളിൽ അധികൃതരുടെ ഒത്താശയും കാണാനുണ്ട്. വൻ അപകടങ്ങളുണ്ടായ ശേഷം മാത്രം കടലാസിലുറങ്ങുന്ന നിയമം നടപ്പാക്കാൻ മെനക്കെടുന്നവർ നേരത്തെ തന്നെ രംഗത്തിറങ്ങാത്തത് ഏറെ ചർച്ചയായിട്ടുണ്ട്. നിസ്സാര കാര്യങ്ങൾക്കു പോലും സാധാരണക്കാരായ ഇരുചക്ര വാഹന യാത്രികരെയും മറ്റും പിടികൂടുന്നവർ ക്വാറി ലോബിയുടെ വണ്ടികൾ തൊടാൻ ഭയപ്പെടുകയാണെന്നാണ് ആക്ഷേപം. അധ്യയന വർഷം തുടങ്ങി പത്ത് ദിവസമാകുമ്പോൾ ജില്ലയിൽ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് മാത്രമാണ് സ്കൂൾ സമയത്ത് ഓടിയ 25 ലോറികൾ പിടികൂടി പിഴ ചുമത്തി മാതൃക നടപടി സ്വീകരിച്ചിട്ടുള്ളത്. സി.ഐ എം. കൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ കെ.വി. ഉമേശൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ ലോറിയുടെ ഡ്രൈവർമാർക്ക് മട്ടന്നൂർ സ്റ്റേഷൻ പരിസരത്തുവെച്ച് ബോധവത്കരണ ക്ലാസും നൽകിയാണ് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story