Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:35 AM IST Updated On
date_range 10 Jun 2022 5:35 AM ISTനേതാക്കൾക്കെതിരെ നടപടി; കണ്ണൂർ സി.പി.എമ്മിൽ ചൂടേറിയ ചർച്ച
text_fieldsbookmark_border
കണ്ണൂർ: സ്വഭാവ ദൂഷ്യത്തിനും അച്ചടക്ക ലംഘനത്തിന്‍റെയും പേരിൽ പ്രാദേശിക നേതാക്കൾക്കെതിരെയുള്ള കൂട്ട നടപടി സി.പി.എമ്മിൽ പുതിയ ചർച്ചക്ക് വഴിയൊരുക്കുന്നു. സംഭവത്തിൽ ഞായറാഴ്ച ചേരുന്ന സി.പി.എം ജില്ല കമ്മിറ്റി യോഗം വിശദ പരിശോധനക്കുള്ള തയാറെടുപ്പിലാണ്. ആലപ്പടമ്പ് വെസ്റ്റ്, കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റികളിലായി 16 പേർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കുഞ്ഞിമംഗലത്ത് ഒമ്പതു പേർക്കും ആലപ്പടമ്പിൽ ഏഴ് പേർക്കെതിരെയുമായിരുന്നു നടപടി. കൂടാതെ പാർട്ടി ഫണ്ട് കൈകാര്യം ചെയ്തതിൽ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കുണ്ടായ ജാഗ്രതക്കുറവും ജില്ല കമ്മിറ്റി യോഗത്തിൽ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കും. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. സുനിൽ കുമാറിനെ പെരുമാറ്റദൂഷ്യത്തിന്‍റെ പേരിൽ ഏരിയ കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചവർക്കെതിരെയും പരാതിക്കാരെ സഹായിച്ചവർക്കുമെതിരെയാണ് കാങ്കോലിൽ നടപടി. അംഗത്തിനെതിരെയുള്ള പരാതി പരസ്യപ്പെടുത്തി പാർട്ടിക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെ പുറത്താക്കുകയും ചിലർക്ക് താക്കീത് നൽകുകയുമാണ് ചെയ്തത്. സംഭവത്തിൽ സി.പി.എം ജൂൺ 14ന് മാത്തിൽ ടൗണിൽ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി നിർദേശിച്ചയാളെ തോൽപിച്ച സംഭവത്തിലാണ് കുഞ്ഞിമംഗലത്ത് പാർട്ടിയുടെ നടപടി. ഇതിൽ നാലുപേരെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും അഞ്ച് പേർക്ക് ശാസനയുമാണ് നൽകിയത്. ലോക്കൽ സെക്രട്ടറി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്നിവരടക്കമാണ് കുഞ്ഞിമംഗലത്ത് ശിക്ഷനടപടിക്ക് വിധേയമായത്. പയ്യന്നൂരിൽ രക്തസാക്ഷി, തെരഞ്ഞെടുപ്പ് ഫണ്ടുകളിലെ തിരിമറി സംബന്ധിച്ച വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെ ആറുപേർക്ക് സി.പി.എം ജില്ല കമ്മിറ്റി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അച്ചടക്ക നടപടി എടുക്കാതിരിക്കണമെങ്കിൽ വിശദീകരണം നൽകണമെന്നാണ് ഇവർക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തിലും ഞായറാഴ്ച നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ വിശദ ചർച്ചയുണ്ടാകും. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, കെ.കെ. ഗംഗാധരൻ, ഓഫിസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ.പി. മധു, ഫ്രാക്ഷൻ അംഗം സജീവ് എന്നിവർക്കാണ് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അച്ചടക്ക നടപടിയെടുത്താൽ പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷമാകുമെന്നും പ്രശ്നം ഒത്തുതീർപ്പാക്കണമെന്നുമായിരുന്നു കഴിഞ്ഞ ജില്ല കമ്മിറ്റി യോഗത്തിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നിർദേശിച്ചത്. എന്നാൽ, സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു പയ്യന്നൂരിൽ നിന്നുൾപ്പെടെയുള്ള നേതാക്കളുടെ നിലപാട്. ഇതേ തുടർന്നാണ് നോട്ടീസ് നൽകിയത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിഷയത്തിൽ ജില്ല കമ്മിറ്റി യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story