Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:35 AM IST Updated On
date_range 1 Jun 2022 5:35 AM ISTപയ്യന്നൂരിൽ ഇന്നുമുതൽ ഗതാഗത ക്രമീകരണം
text_fieldsbookmark_border
പയ്യന്നൂർ: നഗരത്തിൽ ബുധനാഴ്ച മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ ട്രാഫിക് അവലോകന യോഗത്തിൽ തീരുമാനം. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ വാഹനങ്ങളെത്തുമെന്നതിനാലാണ് പരിഷ്കരണത്തിന് തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ട്രാഫിക് നിയന്ത്രണം കൃത്യമായി പാലിച്ച് അനധികൃത പാർക്കിങ് ഒഴിവാക്കി സുഗമമായ യാത്രക്ക് വഴിയൊരുക്കും. അതോടൊപ്പം ചരക്ക് വാഹനങ്ങൾ സമയം പാലിക്കാതെ ഏതുസമയവും ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന രീതി ഒഴിവാക്കി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടാവും. കുരുക്കഴിക്കുന്നതിന്റെ ഭാഗമായി ടൗൺ ഭാഗങ്ങളിൽ സീബ്രാലൈൻ അടയാളപ്പെടുത്തും. പാർക്കിങ് തിരക്ക് നിയന്ത്രിക്കുന്നതിന് വാഹനങ്ങൾ റോഡിന്റെ മാർക്ക് ചെയ്ത ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. നോ പാർക്കിങ് മുതലായ മുന്നറിയിപ്പ് സിഗ്നലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹോം ഗാർഡ് സേവനം ലഭ്യമാക്കും. നഗരസഭ ടൗൺ പ്രദേശങ്ങളിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിന് രാവിലെ ഒമ്പതു മുതൽ 10.30 വരെയും വൈകീട്ട് മൂന്നുമുതൽ 4.30 വരെയും ചരക്ക് കയറ്റിറക്ക് ചെയ്യുന്ന വലിയ വാഹനങ്ങൾ വരുന്നത് നിയന്ത്രിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ പെരുമ്പ ഹൈവേയിലെ ഡിവൈഡറുകളിൽ റിഫ്ലക്ടർ സ്ഥാപിക്കും. സെന്റ്മേരീസ് സ്കൂളിലേക്ക് വിദ്യാർഥികളെ കയറ്റി വരുന്ന വാഹനങ്ങൾ വടക്ക് ഭാഗത്തെ കവാടം വഴി അകത്തേക്ക് പ്രവേശിച്ച് കുട്ടികളെ സ്കൂൾ വളപ്പിൽ ഇറക്കണം. നിർമാണം നടക്കുന്ന പുതിയ ബസ് സ്റ്റാൻഡിലെ റോഡിൽ വലിയ വാഹന പാർക്കിങ് അനുവദിക്കില്ല. സ്റ്റേഡിയത്തിന് സമീപത്തെ റോഡിൽ വാഹന റിപ്പയറിങ് ഒഴിവാക്കും. ബസുകൾ യഥാക്രമം അനുവദിച്ചിട്ടുള്ള റൂട്ടുകളിൽ മാത്രം ഓടുന്നതിനും സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്നതിനും പിലാത്തറ -പഴയങ്ങാടി -ഹനുമാരമ്പലം ഭാഗത്തേക്ക് പോകുന്ന ബസുകൾ സി.ഐ.ടി.യു -വില്ലേജ് ഓഫിസ് -സ്റ്റേഡിയം റോഡ് വഴി സർവിസ് നടത്തുന്നതിനും നിർദേശം നൽകും. സി.ഐ.ടി.യു ഓഫിസ് സഹകരണ ആശുപത്രി റോഡുകളിൽ സ്വകാര്യ വാഹന പാർക്കിങ് അനുവദിക്കില്ല. യോഗത്തിൽ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ വി. ബാലൻ, സി. ജയ, ടി.പി. സെമീറ, ടി. വിശ്വനാഥൻ, സെക്രട്ടറി എം.കെ. ഗിരീഷ്, നഗരസഭ അസി. എൻജിനീയർ കെ. ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർ പി.ടി. രാജേഷ്, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. മുരളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹോട്ടൽ -വ്യാപാരി പ്രതിനിധികൾ, മോട്ടോർ തൊഴിലാളി പ്രതിനിധികൾ, പൗരസമിതി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story