Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:37 AM IST Updated On
date_range 29 May 2022 5:37 AM ISTവർണ വിസ്മയം കതിരൂർ സൂര്യനാരായണ ക്ഷേത്രം
text_fieldsbookmark_border
സ്വന്തം ലേഖകൻ തലശ്ശേരി: കതിരൂർ സൂര്യനാരായണ ക്ഷേത്ര ചുമർ ഇനി ചിത്രങ്ങളാൽ അലങ്കൃതം. കതിരൂർ പഞ്ചായത്തിന്റെ ചിത്രഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്രത്തിന്റെ പുറം ചുമരിൽ ഏകദേശം 3000 ചതുരശ്ര അടി നീളത്തിൽ ഒറ്റ ചിത്രം ഒരുങ്ങുന്നത്. 2016 ലാണ് ചിത്രഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കതിരൂരിലെ പൊതു ഇടങ്ങളിലെ ചുമരുകൾ, അംഗൻവാടികൾ, വായനശാലകൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, പാർട്ടി ഓഫിസുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ചരിത്ര പ്രാധാന്യമുള്ളതും കൗതുകമുള്ളതുമായ ചിത്രങ്ങൾ വരയാൻ തുടങ്ങിയത്. സൂര്യനാരായണ ക്ഷേത്രത്തിലെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ വരയുടെ തുടർച്ചയായി നിരവധി ചിത്രങ്ങൾ പല പാനലുകളിലായി ക്ഷേത്രത്തിൽ വരച്ചു. പിന്നീട് ക്ഷേത്ര കമ്മിറ്റി യോഗത്തിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു നാലുകെട്ടിനോട് ചേർന്നുള്ള പുറം ചുമരിൽ വരച്ച ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ച് ഒരൊറ്റ ചിത്രം. വീരാളിപ്പട്ടിന്റെ ബോർഡർ നൽകി ഒറ്റ കാൻവാസിൽ രാമായണ ചിത്രങ്ങളിലൂടെ ക്ഷേത്രചരിത്രം പറഞ്ഞുപോകുന്ന ചിത്രം പൂർത്തിയാകുമ്പോൾ ഒരു ചിത്രകാരൻ വരച്ച രാജ്യത്തെ ഏറ്റവും നീളമേറിയ ക്ഷേത്ര ചുമർചിത്രം എന്ന കീർത്തി കതിരൂരുകാർക്ക് സ്വന്തമാകും. കൊയിലാണ്ടി സ്വദേശി ബബീഷ് അണേലയുടേതാണ് ചിത്രരചന. കാൽഭാഗമാണ് ഇപ്പോൾ പൂർത്തിയായത്. ചിത്രം പൂർണമാവാൻ ഇനിയും ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്ന് ചിത്രകാരൻ ബബീഷ് പറയുന്നു. ജനകീയ പങ്കാളിത്തത്തോടെ ചിത്രരചന പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് തലശ്ശേരി പൈതൃക ടൂറിസം കമ്മിറ്റിയും പഞ്ചായത്തും. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2.75 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story