കാഞ്ഞിരപ്പുഴ ഉദ്യാന നടത്തിപ്പ് വീണ്ടും സർക്കാറിന്
text_fieldsകാഞ്ഞിരപ്പുഴ ഉദ്യാനം
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാന നടത്തിപ്പ് സ്വകാര്യ കമ്പനിയിൽനിന്ന് വീണ്ടും സർക്കാർ ഏറ്റെടുത്തു. നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരാതി സമർപ്പിച്ചിരുന്നു. തുടർന്ന് ടിക്കറ്റ് ചാർജ് പിരിക്കുന്നത് നിർത്തണമെന്നും ടിക്കറ്റ് കൗണ്ടറും സാമഗ്രികളും കൈമാറണമെന്നും കരാർ കമ്പനിയായ എഫ്.എസ്.ഐ.ടിയോട് നോഡൽ ഓഫിസർ നിർദേശിച്ചിരുന്നു. ഈ നിർദേശം പ്രാവർത്തികമാക്കാതെയാണ് കരാർ കമ്പനി മുന്നോട്ട് പോയിരുന്നത്. ഈ സാഹചര്യത്തിൽ സർക്കാറിന് വരുമാനനഷ്ടം ഒഴിവാക്കാൻ പൊലീസ് സഹായത്തോടെ ജലസേചന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ടിക്കറ്റ് പിരിവ് നിർത്തി കൗണ്ടർ കൈമാറണമെന്ന് കരാർ കമ്പനി പ്രതിനിധികളോട് ആവശ്യപ്പെടുകയായിരുന്നു.
ഉദ്യാന നവീകരണ പദ്ധതികൾ പൂർത്തിയാക്കും വരെ വിനോദ സഞ്ചാരികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കരുതെന്ന കരാർ, സ്വകാര്യ കമ്പനി ലംഘിച്ചെന്നാണ് കണ്ടെത്തൽ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.എസ്.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ എന്ന കമ്പനിയാണ് കരാറുകാർ. കഴിഞ്ഞ വർഷം നവംബർ മുതൽ 2026 ഫെബ്രുവരി വരെ ലഭിച്ച വരുമാനം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ കരാർ കമ്പനിക്ക് നേരത്തെ കത്തയച്ചിരുന്നു.
30 വർഷത്തേക്കാണ് കരാർ. മാർച്ച് 28നകം വരുമാനം പൂർണമായും സർക്കാറിന് തിരിച്ചടക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ടിക്കറ്റ് വരുമാനത്തിന്റെ ഒരു പങ്ക് സർക്കാറിലേക്ക് അടച്ചതായി കരാർ കമ്പനി പറയുന്നു. 161 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതിയാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

