ശ്രീനാരായണപുരം ടൂറിസം സെന്ററിൽ സാഹസികർക്കായി സ്വിപ്ലൈൻ
text_fieldsരാജാക്കാട് ശ്രീനാരായണപുരത്ത് സ്വിപ് ലൈനിലെ സവാരി
അടിമാലി: മുതിരപ്പുഴയാറിന് കുറുകെ ഉരുക്കുവടത്തിൽ തൂങ്ങിപ്പറക്കാന് സാഹസിക വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് രാജാക്കാട് ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രം. പാൽനുര ചുരത്തി പതഞ്ഞൊഴുകുന്ന മുതിരപ്പുഴയാറിനും ഇവിടെയുള്ള വെള്ളച്ചാട്ടത്തിനും മുകളിലൂടെയുള്ള സ്വിപ് ലൈന്‍ യാത്ര ആകാശക്കാഴ്ചയുടെ മനോഹാരിതയും സാഹസിക സഞ്ചാരികള്‍ക്ക് ആവേശവും പകരുന്നതാണ്. ജില്ലയില്‍ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം സെന്റർ.
മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശ്രീനാരായണപുരത്ത് ഇപ്പോള്‍ തിരക്കൊഴിഞ്ഞ സമയമില്ല. അതിന് പ്രധാന കാരണം ഇവിടുത്തെ ഏറെ ആകര്ഷണനീയമായ പ്രകൃതി മനോഹാരിതയും വെള്ളച്ചാട്ടത്തിന്റെയും ആകാശക്കാഴ്ച ആസ്വദിക്കാമെന്നുള്ളതാണ്.
കുത്തിയൊഴുകി പതഞ്ഞൊഴുകുന്ന മുതിരപ്പുഴയാറിന് കുറുകെയാണ് 225 മീറ്ററിലധികം നീളത്തില്‍ സ്വിപ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. മറുകരയിലേക്കെത്തിയതിലും 30 അടിയിലധികം ഉയരത്തിലൂടെയാണ് തിരികെയുള്ള യാത്ര.
ഈ വരവിലാണ് മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാന്‍ കഴിയുക. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ആവേശം പകരുന്നതാണ് ശ്രീനാരായണപുരത്തെ സിപ് ലൈന്‍.
നാലു മാസം മുമ്പ് സ്വിപ് ലൈന്‍ സ്ഥാപിച്ചതിനുശേഷം സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കാലവസ്ഥ പ്രതികൂലമായിരുന്നിട്ടും ശ്രീനാരായണപുരത്ത് ഇപ്പോള്‍ തിരക്കൊഴിഞ്ഞ സമയമില്ല.
സാഹസിക വിനോദ സഞ്ചാരത്തിനായുള്ള പുതിയ പദ്ധതികളും ഡി.ടി.പി.സി തയാറാക്കി വരികയാണ്. 1500 കിലോഭാരം വരെ താങ്ങാന്‍ കഴിയുന്ന റോപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് റോപ്പുകളില്കൂടി ഒരേസമയം രണ്ടുപേരെ കയറ്റിവിടാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ഇരുകൈകളും വിട്ടാല്‍പോലും ശരീരം താഴോട്ട് മറിയാത്ത തരത്തിലാണ് സുരക്ഷ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും ഭയമില്ലാതെ സ്വിപ് ലൈൻ യാത്ര ആസ്വദിക്കാന്‍ എത്താറുണ്ടെന്ന് ടൂറിസം സെന്റർ മാനേജർ സി.ജി. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

