മോഷ്ടിച്ച ഗ്രാമ്പു വിൽക്കുന്നതിനിടെ യുവാക്കൾ പിടിയിൽ
text_fieldsനെടുങ്കണ്ടം: മോഷ്ടിച്ച ഗ്രാമ്പു വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിൽ. നെടുങ്കണ്ടം കഴുപ്പിൽ സുജിത് (19), ചിറകുന്നേൽ അൻസൽ (19) എന്നിവരെയാണ് നാട്ടുകാർ പിടികൂടി നെടുങ്കണ്ടം പൊലീസിൽ ഏൽപിച്ചത്.നെടുങ്കണ്ടം പത്തുവളവ് ഞൊണ്ടൻമാക്കൽ സോമൻ റോഡിനോട് ചേർന്ന് ഉണക്കാനിട്ടിരുന്ന ഗ്രാമ്പു ബൈക്കിലെത്തിയ സുജിത്തും അൻസലും ചേർന്ന് തിങ്കളാഴ്ച ഉച്ചയോടെ മോഷ്ടിക്കുകയായിരുന്നു.
ഹെൽമറ്റ് ധരിച്ചയാൾ ഗ്രാമ്പു എടുക്കുന്നത് കണ്ട പൊൻമലകുന്നേൽ മാത്യു മോഷണ സംഘത്തിന്റെ പിന്നാലെ എത്തിയെങ്കിലും ഇവർ ബൈക്കിൽ കടന്നുകളഞ്ഞു. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. വിവരം അറിയിച്ചതോടെ മലഞ്ചരക്ക് കടകളിൽ പൊലീസ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഗ്രാമ്പു വിൽക്കാൻ സുജിത്തും അൻസലും നെടുങ്കണ്ടം തോട്ടുവാക്കടയിൽ എത്തിയപ്പോൾ ബൈക്കിലെ പെട്രോൾ തീർന്നു. സംശയം തോന്നിയ നാട്ടുകാർ ഇവരുടെ കൈയിലെ ചാക്ക് പരിശോധിച്ചപ്പോൾ ഗ്രാമ്പുവാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതികളെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾക്കെതിരെ നെടുങ്കണ്ടം സ്റ്റേഷനിൽ മറ്റൊരു മോഷണക്കേസ് നിലവിലുണ്ട്. എസ്.ഐമാരായ ടി.എസ്. ജയകൃഷ്ണൻ, ബിനോയി എബ്രഹം, സജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ മാത്യു, യൂനസ് എന്നിവരടങ്ങിയ സംഘം പ്രതികളെ മോഷണം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പത്തുവളവിൽ ഉണങ്ങാനിട്ടിരുന്ന കുരുമുളക് മോഷ്ടിച്ച് കടത്തിയ സംഭവം സമീപകാലത്ത് ഉണ്ടായതായും പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

