പാവല്‍-പയര്‍ കൃഷി ഹൈറേഞ്ചില്‍നിന്ന് പടിയിറങ്ങുന്നു
text_fieldsഅടിമാലി: ഒരു കാലത്ത് ഹൈറേഞ്ചിന്റെ മുഖ്യ വരുമാനമായി മാറിയ പാവല്‍-പയര്‍ കൃഷി പടിയിറങ്ങുന്നു. ജില്ലയില്‍ 500 ഹെക്ടറിന് മുകളില്‍ കൃഷിയിറക്കിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 100 ഹെക്ടര്‍ സ്ഥലത്തുപോലും കൃഷി ഇല്ലാതായിട്ടുണ്ട്. വിളനാശവും വന്യമൃഗശല്യവും വിപണന സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് കാരണം. നേരത്തെ സജീവമായിരുന്ന ഗ്രാമീണ കാര്‍ഷിക ചന്തകളും ഇപ്പോള്‍ എങ്ങുമില്ല. വി.എസ്.പി.കെ ചന്തകളും ഇല്ലാതായി.
നേരത്തെ മുഖ്യമായി പാവല്‍ - പയര്‍ കൃഷിയിറക്കിയിരുന്ന അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, വെളളത്തൂവല്‍, കഞ്ഞികുഴി പഞ്ചായത്തുകളില്‍ ഇപ്പോള്‍ 80 ശതമാനത്തിലേറെ ഈ കൃഷി കുറഞ്ഞു. ഏത്തവാഴ കൃഷിയും വലിയ രീതിയില്‍ കുറഞ്ഞു. ഒരുകാലത്ത് ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളിലും തുടങ്ങിയ കാര്‍ഷിക വിപണിയില്‍ മുഖ്യമായി എത്തിയിരുന്നതും ഏത്തക്കായും പാവല്‍, പയര്‍, പടവല്‍ മുതലായ ഉൽപന്നങ്ങളുമായിരുന്നു. മറ്റ് ജില്ലകളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഈ ഉൽപന്നങ്ങൾ ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ കാര്‍ഷിക വിളകള്‍ക്ക്.
ഏത്തപ്പഴത്തിന് കിലോക്ക് 80 രൂപ വിലയാണ്. പയര്‍, പാവല്‍, പടവലം എന്നിവക്ക് ശരാശരി 60 മുതല്‍ 90 രൂപവരെയാണ് വില. പാവല്‍ -പയര്‍ കര്‍ഷകര്‍ക്ക് നേരത്തെ കൃഷിവകുപ്പിന്റെ പല പദ്ധതികളുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയത്തക്ക പദ്ധതികള്‍ ഒന്നുമില്ല. ഇതോടെ 12 മാസവും വിളവ് ലഭ്യമാകുന്ന കൃഷിയാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്.
കാട്ടാന, കാട്ടുപന്നി മുതലായ വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ മരച്ചീനി കൃഷിയും വലിയ പ്രതിസന്ധിയിലാണ്. കൃഷി കുറഞ്ഞതോടെ വിലയും വർധിച്ചു. ഒരു കിലോക്ക് 45 രൂപയാണ് ഇപ്പോഴത്തെ വില. വരും നാളുകളില്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മറ്റ് ജില്ലകളില്‍നിന്നാണ് ഇപ്പോള്‍ മരച്ചീനി ജില്ലയില്‍ എത്തിക്കുന്നത്. അടിമാലി, മാങ്കുളം, കൊന്നത്തടി, വെളളത്തൂവല്‍, രാജാക്കാട്, വാത്തിക്കുടി, കഞ്ഞികുഴി പഞ്ചായത്തുകളിലാണ് കൂടുതലായി മരച്ചീനി കൃഷി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

