ജില്ലയിൽ വോട്ടിങ്ങിനോട് മുഖംതിരിച്ച് വനിതകൾ
text_fieldsതൊടുപുഴ നഗരസഭ കുമ്പങ്കല്ല് ബി.ടി.എം.പി എൽ.പി സ്കൂളിൽ
വോട്ടുചെയ്യാനെത്തിയ വനിതകളുടെ നിര
തൊടുപുഴ: മലയോര ജില്ലയിൽ വോട്ടെടുപ്പിനോട് മുഖംതിരിച്ച് വനിതകൾ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പോളിങ് ശതമാന കണക്കിലാണ് സ്ത്രീ പങ്കാളിത്തം കുറയുന്ന കണക്കുകൾ പുറത്തുവരുന്നത്.
സ്ഥാനാർഥി പട്ടികയിൽ പകുതിയിലേറെയും വനിതകളാണെന്ന പ്രത്യേകത നിലനിൽക്കെയാണ് വോട്ടിങ്ങിൽ സ്ത്രീ പങ്കാളിത്തം കുറയുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ 4,68,602 സ്ത്രീ വോട്ടർമാരാണ് ജില്ലയിലുണ്ടായിരുന്നത്. എന്നാൽ, ഇതിൽ വോട്ട് രേഖപ്പെടുത്തിയതാകട്ടെ 3,25,616 പേരാണ്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജില്ലയിൽ 1,42,986 പേർ വോട്ട് ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനത്തോളം കുറവ് സ്ത്രീ വോട്ടർമാരാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തിയത്.
അന്ന് 79.02 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 69.49 ആയി കുത്തനെ ഇടിഞ്ഞു. അന്ന് ആകെ 4,60,024 സ്ത്രീ വോട്ടർമാരിൽ 3,32,370 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. പുരുഷന്മാരുടെ എണ്ണത്തിലും ഇടിവുണ്ടെങ്കിലും സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്. 2020ൽ 77.18 ശതമാനം പുരുഷന്മാരാണ് വോട്ട് രേഖപ്പെടുത്തിയത്. അതായത് 4,44,641 പുരുഷ വോട്ടർമാരിൽ 3,43,194 പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ 4,43,521 പുരുഷ വോട്ടർമാരിൽ 3,29,060 പേരാണ് വോട്ട് ചെയ്തത്. 74.19 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്.
അഞ്ച് വർഷത്തിനിടെ ജില്ലയിൽനിന്ന് ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്കായി സ്ത്രീകളുടെ കുടിയേറ്റം വലിയ രീതിയിൽ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറയുന്നത്. ഇതും രാഷ്ട്രീയത്തോടുള്ള താൽപര്യക്കുറവുമാകാം കാരണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇതേസമയം സ്ഥലത്തില്ലാത്തവരും മരിച്ചവരും അസുഖമടക്കം മറ്റ് വിവിധ കാരണങ്ങളാൽ വോട്ട് ചെയ്യാൻ കഴിയാതിരുന്നവരെയെല്ലാം ഉൾപ്പെടുത്തിയാലും വോട്ട് ചെയ്യാനെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ കുറവ് അധികൃതരെ കുഴക്കുന്നതാണ്. ഇത്തവണ ജില്ലയിൽ 11 ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളതിൽ എട്ടുപേരും വോട്ട് ചെയ്തു. 2020ൽ അഞ്ച് ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഒരാളാണ് വോട്ട് ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ്- 2025
ജില്ലയിലെ സ്ത്രീ വോട്ടർമാർ -4,68,602
വോട്ട് രേഖപ്പെടുത്തിയവർ -3,25,616
പോളിങ് ശതമാനം -69.49
തദ്ദേശ തെരഞ്ഞെടുപ്പ് -2020
ജില്ലയിലെ സ്ത്രീ വോട്ടർമാർ- 4,60,024
വോട്ട് രേഖപ്പെടുത്തിയവർ- 3,32,370
പോളിങ് ശതമാനം- 79.02
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

