ചൂഷണം തടയും; തേക്കടിയിൽ സഫാരി ജീപ്പുകൾക്ക് സ്റ്റിക്കർ
text_fieldsകുമളി: തേക്കടി സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ വിവിധ മേഖലകളിൽ ചൂഷണം ചെയ്യുന്നത് തടയാൻ പൊലീസും പഞ്ചായത്ത് അധികൃതരും സംയുക്തമായി നടപടി ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായി മുഴുവൻ ടാക്സി ഡ്രൈവർമാരുടെയും സഹകരണത്തോടെ സഫാരി ജീപ്പുകൾക്ക് വ്യാഴാഴ്ച തിരിച്ചറിയൽ സ്റ്റിക്കറുകൾ നൽകി. ടാക്സി വാഹനങ്ങൾ മുഴുവനും പ്രീപെയ്ഡ് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യപടിയായാണ് സ്റ്റിക്കറുകൾ നൽകിയത്. കുമളി ടാക്സി സ്റ്റാൻഡിൽ പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ് നിർവഹിച്ചു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണി, വിവിധ ട്രേഡ് യൂനിയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആദ്യദിനത്തിൽ 100 വാഹനത്തിനാണ് സ്റ്റിക്കർ നൽകിയത്. രേഖകൾ പരിശോധിച്ച് മറ്റ് 100 വാഹനത്തിനുകൂടി സ്റ്റിക്കർ നൽകും. കുമളി, തേക്കടി മേഖലയിൽ എത്തുന്ന വിദേശ, സ്വദേശ വിനോദസഞ്ചാരികൾക്ക് അമിത വാടകയും കമീഷനും നൽകി തട്ടിപ്പിനിരയാകാതെ കൃത്യമായ നിരക്കിൽ ഇഷ്ടമുള്ള വാഹനത്തിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം.
ഇതിന് വൈകാതെ പൊലീസിന്റെ മേൽനോട്ടത്തിൽ കുമളിയിൽ പ്രീപെയ്ഡ് ടാക്സി സംവിധാനം നിലവിൽ വരുമെന്ന് അധികൃതർ പറഞ്ഞു. കുമളിയിൽനിന്ന് സത്രം, ഗവി, തമിഴ്നാട്ടിലെ മുന്തിരിത്തോപ്പുകൾ എന്നിവിടങ്ങളിലേക്കാണ് സഫാരി ജീപ്പുകളിൽ സഞ്ചാരികൾ യാത്ര ചെയ്യുന്നത്. പൊലീസ് സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾക്കു മാത്രമാണ് സഞ്ചാരികളെ കയറ്റാൻ ഇനി അനുമതിയുള്ളു. മറ്റു സ്ഥലങ്ങളിൽനിന്നെത്തി അനധികൃത ടാക്സിയായി ഓടുന്നവയെ കണ്ടെത്താൻ പുതിയ നടപടി സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

