കാട്ടാനശല്യം രൂക്ഷം; കൃഷി നശിപ്പിച്ച് കർഷകർ
text_fieldsവാളറ കുളമാംകുഴിയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷി
അടിമാലി: കാട്ടാനശല്യം രൂക്ഷമായതോടെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാംകുഴി, പാട്ടയടമ്പ്, വാളറ എന്നിവിടങ്ങളിൽ സ്വന്തം കൃഷിതന്നെ നശിപ്പിച്ച് കർഷകർ.10ലേറെ കർഷകർ തെങ്ങ്, കവുങ്ങ്, പ്ലാവ്, വാഴ തുടങ്ങിയ വിളകളെല്ലാം വെട്ടിമാറ്റി. കൃഷിചെയ്താൽ ജീവനും സ്വത്തിനും കാട്ടാനകൾ ഭീഷണിയാണെന്നും മക്കളെ സ്കൂളിൽ വിടാൻ പറ്റാത്ത സാഹചര്യമാണെന്നും പാട്ടയടമ്പ് ആദിവാസി കോളനിയിലെ ബാലൻ പറഞ്ഞു. കുളമാംകുഴിലെ കള്ളിക്കൽ ജോർജ് തന്റെ പുരയിടത്തിലെ 42 തെങ്ങും 50 ലേറെ വാഴയും നശിപ്പിച്ചു.
പാട്ടയും പടക്കവും കൈയിൽ കരുതിയാണ് പ്രദേശവാസികൾ മക്കളെ വീട്ടിൽനിന്ന് സ്കൂളിലേക്ക് അയക്കുന്നത്.അടുത്തിടെ, കാഞ്ഞിരവേലിയിൽ ക്ഷീരകർഷകർ പാൽ സംഘങ്ങളിൽ കൊണ്ടുപോയി വിൽക്കാൻ കഴിയാതായതോടെ കാലികളെ വിറ്റു. എന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് കാഞ്ഞിരവേലി വാർഡ് അംഗം ദീപ രാജീവ് പറഞ്ഞു.
ആറുമാസം മുമ്പ് കുളംമാംകുഴി ആദിവാസി കോളനിയിൽനിന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ നവജാത ശിശു മരിക്കാനിടയായത് രാത്രി മുഴുവൻ കാട്ടാനകൾ വഴിയിൽ നിലയുറപ്പിച്ചതിനാലാണ്. രണ്ടുമാസമായി മേഖലയിലെ കൃഷിയിടങ്ങളിൽനിന്ന് കാട്ടാനകൾ പിന്മാറുന്നില്ല.
നേര്യമംഗലം റേഞ്ച് ഓഫിസ് ഉപരോധം നാളെ
അടിമാലി: വാളറ, ഒഴുവത്തടം, പഴമ്പിള്ളിച്ചാൽ, കുളമാംകുഴി, ദേവിയാർ കോളനി, അഞ്ചാംമൈൽ, കാത്തിരവേലി പ്രദേശങ്ങളിൽ ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഇടപെടാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നേര്യമംഗലം റേഞ്ച് ഓഫിസ് ഉപരോധിക്കുമെന്ന് ആക്ഷൻ കൗൺസിൽ.എം.പി, എം.എൽ.എ എന്നിവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ കക്ഷിനേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പദ്ധതി സമർപ്പിച്ചു, ഫണ്ടില്ലാത്തത് തിരിച്ചടി
അടിമാലി: കാട്ടാനശല്യം തടയാൻ വൈദ്യുതിവേലിയും കിടങ്ങും സ്ഥാപിക്കാൻ പദ്ധതി തയാറാക്കി നൽകിയെങ്കിലും ഫണ്ട് ലഭിച്ചിട്ടില്ലെന്ന് നേര്യമംഗലം റേഞ്ച് ഓഫിസർ സുനിൽ ലാൽ പറഞ്ഞു.രണ്ട് ഫോറസ്റ്റ് സ്റ്റേഷനിലും റാപിഡ് റെസ്പോണ്ട് സ്ക്വാഡിന് വാഹനം പോലും ഇല്ല. അതിനാൽ കാട്ടാനകളെ തുരുത്തൽ അസാധ്യമാണ്.2.5 കോടിയുടെ പദ്ധതിയാണ് സർക്കാറിലേക്ക് സമർപ്പിച്ചത്. ഇത് പാസായിവന്നാൽ ഉടൻ നിർമാണം പൂർത്തിയാക്കി കാട്ടാനശല്യം ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

