മുള്ളരിങ്ങാട്ട് ജനവാസ മേഖലയിൽ നിന്നൊഴിയാതെ കാട്ടാനകൾ; പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത് 13 ആനകൾ
text_fieldsമുള്ളരിങ്ങാട്: മുള്ളരിങ്ങാട്ട് വീണ്ടും കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ അമയൽതൊട്ടിയിലും പന്നിമറ്റംചാലിലും കാട്ടാനയിറങ്ങി നാശംവിതച്ചു. തൊമ്മൻ പൂപ്പിലക്കുടി, കാവുങ്കല് സണ്ണി എന്നിവരുടെ പുരയിടത്തിലെ വാഴ, പന തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. 13 ആനകളാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ 11 എണ്ണം സൗരവേലിക്കുള്ളിലും രണ്ടെണ്ണം പുറത്തുമാണ്.
ഇവയാണ് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ജനങ്ങൾക്ക് ഭീഷിണിയുമായത്. ചൊവ്വാഴ്ച രാത്രി തൊടുപുഴ-മുള്ളരിങ്ങാട് റോഡിൽ പന്നിമറ്റംചാലിൽ ഇവ എത്തി. മുള്ളരിങ്ങാട് ടൗണിനോട് ചേർന്ന സ്ഥലമാണിത്. ഉറക്കമില്ലാതെ കാവലിരുന്നിട്ടും നാട്ടുകാർ സൗരവേലി സ്ഥാപിച്ചിട്ടും ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങുകയാണ്.
തിങ്കളാഴ്ച രാത്രി മുള്ളരിങ്ങാട് തെങ്ങുംതെറ്റയിൽ ഓനച്ചന്റെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. കിണറിന്റെ സംരക്ഷണഭിത്തി തകർത്തു. അമയൽത്തൊട്ടിയിലെ അംഗൻവാടിയുടെ മുറ്റത്തും കാട്ടാനയെത്തി. രണ്ടാഴ്ചയായി മേഖലയിൽ കാട്ടാന തമ്പടിച്ചിരിക്കുകയാണ്. 2024 ഡിസംബറിൽ പശുവിനെ അഴിച്ചുകെട്ടാൻ പോയ അമർ ഇലാഹി എന്ന യുവാവിനെ കാട്ടാനകൾ ചവിട്ടിക്കൊന്നതിന്റെ ഞെട്ടലിൽനിന്ന് മുള്ളരിങ്ങാട് ഇനിയും മുക്തമായിട്ടില്ല. കാട്ടാനകളെ കാടുകയറ്റാൻ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ദുരന്തം ഇനിയും ആവർത്തിക്കുമെന്ന് ഇവർ പറയുന്നു. കുട്ടികളെ കളിക്കാൻ വിടാനും രക്ഷിതാക്കൾക്ക് ഭയമാണ്.
മുള്ളരിങ്ങാട്ടെ പലരും തൊടുപുഴയിലും മൂവാറ്റുപുഴയിലും കോതമംഗലത്തുമൊക്കെയാണ് ജോലിക്കും പഠനത്തിനും മറ്റും പോകുന്നത്. കിലോമീറ്റർ അകലെയുള്ള ഈ സ്ഥലങ്ങളിലേക്ക് പുലർച്ച തന്നെ പോകണം. വീട്ടിൽനിന്ന് ഇറങ്ങിയാൽ ചിലപ്പോൾ ഇരുട്ടിന്റെ മറവിൽ നിൽക്കുന്ന കാട്ടാനയുടെ മുന്നിലാകും പെടുക. രാത്രിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇരുട്ടുംമുമ്പ് വീടെത്താനാണ് ഇവർ ശ്രമിക്കുന്നത്. ഇവരുടെ കഷ്ടപ്പാട് കണ്ട് ജോലി സ്ഥലത്തുനിന്ന് നേരത്തേ ഇറങ്ങാൻ പല സ്ഥാപനങ്ങളും അനുവദിക്കുന്നുണ്ട്.
അഞ്ച് കാട്ടാനകളാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രദേശത്ത് നിൽക്കുന്നത്. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, എറണാകുളത്തെ പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകളിലായാണ് മുള്ളരിങ്ങാട് വ്യാപിച്ച് കിടക്കുന്നത്. കുറച്ചുഭാഗത്ത് മാത്രമാണ് വനംവകുപ്പ് സൗരവേലി സ്ഥാപിച്ചത്. കുറച്ചിടത്ത് നാട്ടുകാരും കെട്ടിയിട്ടുണ്ട്. സൗരവേലി പൂർത്തിയാക്കാൻ 10 ലക്ഷം രൂപ പി.ജെ. ജോസഫ് എം.എൽ.എ അനുവദിച്ചിരുന്നു. എന്നാൽ, പണി ഇതുവരെ തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

