വീട്ടുമുറ്റങ്ങളിൽ കാട്ടാന; പുറത്തിറങ്ങാൻ കഴിയാതെ ഇന്ദിരാനഗർ നിവാസികൾ
text_fieldsമറയൂർ ബാബുനഗറിന് സമീപം രാമകൃഷ്ണൻ അപ്പായിയുടെ കരിമ്പ് കൃഷി ഒറ്റയാൻ നശിപ്പിച്ച നിലയിൽ
മറയൂർ: രണ്ടാഴ്ചയായി മറയൂർ ബാബു നഗറിന് സമീപം ഒറ്റയാനിറങ്ങി ഉണ്ടാക്കുന്നത് വ്യാപകകൃഷി നാശം. വീട്ടുമുറ്റത്തുപോലും കയറി ഇറങ്ങുന്ന ഒറ്റയാൻ പ്രദേശവാസികളെ ഭയപ്പാടിലാക്കുകയാണ്. ഇന്ദിരാനഗറിലെ ഡെയ്സി അഗസ്റ്റിൻ, രാമകൃഷ്ണൻ അപ്പായി, ജിജി ഫ്രാൻസിസ്, മല്ലിക, സുലോചന, അജി, സെൽവരാജ് എന്നിവരുടെ വീടിന് സമീപത്തുള്ള കരിമ്പ്, വാഴ, തെങ്ങ്, തീറ്റ പുല്ലു എന്നിവ പതിവായി നശിപ്പിക്കുകയാണ്.
രാത്രിയെത്തുന്ന ഒറ്റയാൻ രാവിലെയാണ് മടങ്ങുന്നത്. ആകെയുള്ള അഞ്ച് സെൻറ് സ്ഥലത്ത് അത്യാവശ്യം കൃഷി ചെയ്ത് വരുന്ന ആളാണ് ഡെയ്സി അഗസ്റ്റിൻ. ആട് വളർത്തിയാണ് ഇവരുടെ ഉപജീവനം. കഴിഞ്ഞദിവസം രാത്രി വീട്ടുമുറ്റത്ത് ഒറ്റയാൻ നിലയുറപ്പിച്ചതോടെ മണിക്കൂറുകളാണ് ഇവർക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. ഇതുപോലെ ഒന്നും രണ്ടും തവണയല്ല. ദിവസവും കാട്ടാനകൾ എത്തുന്നുവെന്ന് ഡെയ്സി പറഞ്ഞു.
ഒറ്റയാൻ എത്തിയാൽ വനംവകുപ്പിലെ ജീവനക്കാർ മണിക്കൂറുകൾക്ക് ശേഷമാണ് ഇവിടെ എത്തുന്നത്. ഇവരെത്തി പടക്കം പൊട്ടിച്ച് മടങ്ങുന്നതാണ് പതിവ്. ആനയെ തുടർച്ചയായി നിരീക്ഷിച്ച് വനമേഖലയിലേക്ക് കടത്തിവിടാനുള്ള നടപടി സ്വീകരിക്കുന്നില്ല. പ്രദേശത്ത് താമസിക്കുന്നവർ അഞ്ചും പത്തും സെൻറ് ഉള്ളവരാണ്. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ പലരും പ്രദേശം വിട്ടുപോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

