കൊടുംചൂടിനൊപ്പം കാട്ടാന ശല്യവും; ഏലം കർഷകർ ദുരിതത്തിൽ
text_fieldsrepresentational image
അടിമാലി: കനത്ത ചൂടിനൊപ്പം കാട്ടാന ശല്യവും രൂക്ഷമായതോടെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ഏലം കർഷകർ ദുരിതത്തിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1000 ഹെക്ടറിലധികം ഏലച്ചെടികൾ കാട്ടാനകൾ നശിപ്പിച്ചതായാണ് കർഷകർ പറയുന്നത്. ഏറ്റവും കൂടുതൽ നാശം നേരിട്ടത് ചിന്നക്കനാൽ ബിയൽ റാമിലാണ്.
കനത്ത ചൂട് കാരണം ഏലച്ചെടികൾ വ്യാപകമായി ഉണങ്ങി നശിക്കുന്നതിനിടെയാണ് തുടർച്ചയായ കാട്ടാന ശല്യവും ഭീഷണിയാകുന്നത്. ഇതോടെ ഏലം ഉല്പാദനം കാര്യമായി കുറയുമെന്ന ആശങ്കയിലാണ് കർഷകർ. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഏലത്തിന് ചെറിയ വില വർധനയുണ്ടായ സമയത്താണ് തിരിച്ചടി.
2018 മഹാപ്രളയത്തിനുശേഷം ഏറ്റവും കൂടുതൽ വിളനാശം ഉണ്ടാകുന്നത് കാട്ടാന ശല്യം മൂലമാണ്. കാട്ടാനകളെ ഭയന്ന് തൊഴിലാളികളിൽ ഭൂരിഭാഗവും ജോലിക്ക് എത്തുന്നില്ല. ഇത് വേനൽക്കാല പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ചെറുകിട ഏലം കർഷകർ പിടിച്ചുനിൽക്കുന്നത്. ഇതിനിടെയാണ് കാട്ടാനകളുടെ താണ്ഡവം. അടിമാലി, മാങ്കുളം, പള്ളിവാസൽ, ബൈസൺവാലി, ശാന്തൻപാറ, രാജകുമാരി, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷം. ഏലം കൃഷിയും ഈ പഞ്ചായത്തുകളിലാണ് കൂടുതൽ.
പല കർഷകരും സൗരോർജ വൈദ്യുതി വേലി, കിടങ്ങ് മുതലായവ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും കാട്ടാനക്കൂട്ടം ഹെക്ടർ കണക്കിന് ഏലമാണ് നശിപ്പിക്കുന്നത്. ചിന്നക്കനാലിൽ വനം വകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിനുശേഷം വ്യാപകമായി ഏലകൃഷിയും നിരവധി വീടുകളും കാട്ടാനകൾ നശിപ്പിച്ചു. ഇതിനെതിരെ കർഷക രോഷവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

