കാടിറങ്ങി വന്യമൃഗങ്ങൾ
text_fieldsമറയൂർ ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടുപോത്ത്
മറയൂർ: വന്യ മൃഗശല്യത്താൽ വലയുന്ന മറയൂരിൽ ഒടുവിൽ കാട്ടുപോത്തുമിറങ്ങി. മറയൂർ ടൗണിലാണ് കാട്ടുപോത്തെത്തിയത്. മേഖലയിൽ വന്യ മൃഗശല്യം കൂടുന്നതായാണ് നാട്ടുകാരുടെ പരാതി. കാന്തല്ലൂർ കട്ടിനാട് ഭാഗത്ത് ഒന്നിലേറെ പുലികൾ ഉള്ളതായി നാട്ടുകാർ പറയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മറയൂർ ടൗണിൽ കാട്ടുപോത്തിനെ കണ്ടത്. രാത്രി 10 മണിയോടെ മേലാടി ഭാഗത്തുനിന്ന് നടന്നെത്തിയ ഒറ്റയാൻ കാട്ടുപോത്ത് ടൗണിൽ കറങ്ങിനടന്നു. യാത്രക്കാർ ഭീതിയോടെ കണ്ടതെങ്കിൽ വിനോദസഞ്ചാരികൾ കാട്ടുപോത്തിനെ കണ്ട സന്തോഷത്തിലാണ്. എന്നാൽ, ടൗണിലേക്കും വന്യമൃഗങ്ങളെത്തുന്നെന്ന ആശങ്കയാണ് പ്രദേശവാസികൾ പങ്കുവഹിക്കുന്നത്.കാന്തല്ലൂർ പഞ്ചായത്തിലെ കട്ടിയനാട് മേഖലയിൽ ഒട്ടേറെ ക്ഷീരകർഷകർ പുലിപ്പേടിയിലാണ്. കഴിഞ്ഞ ആഴ്ച മൂന്നുപശുക്കളെയാണ് പുലി കൊന്നത്. ഇതേതുടർന്ന് ക്ഷീരകർഷകർ കന്നുകാലികളെ മേയാൻ വിടാതെ തൊഴുത്തിൽ തന്നെ കെട്ടിയിട്ടാണ് തീറ്റ നൽകുന്നത്. ഒന്നിലേറെ പുലികൾ ഉള്ളതായാണ് നാട്ടുകാർ പറയുന്നത്. ഏറ്റവും കൂടുതൽ കർഷകരും ക്ഷീര കർഷരുമുളള മേഖലയാണിത്. പുലിപ്പേടിയും വന്യമൃഗവും തുടരുന്ന സാഹചര്യത്തിൽ ഒട്ടുമിക്ക കർഷകരും ആശങ്കയിലാണ്. വർഷങ്ങൾക്കുമുമ്പുവരെ മറയൂർ അതിർത്തി മേഖലയായ തേയില തോട്ടങ്ങളിൽ പുലി ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടിരുന്നു. ഇപ്പോൾ മറയൂർ ടൗൺവരെ എത്തിയിരിക്കുന്നത് ഇവരുടെ ആശങ്ക വർധിപ്പിക്കുകയാണ്. വനം വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

