Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭീതി വിതച്ച്...

ഭീതി വിതച്ച് വന്യമൃഗങ്ങൾ; പരിഹാരമില്ലാതെ വനം വകുപ്പ്

text_fields
bookmark_border
ഭീതി വിതച്ച് വന്യമൃഗങ്ങൾ; പരിഹാരമില്ലാതെ വനം വകുപ്പ്
cancel
camera_alt

പ​ട​യ​പ്പ ക​ട ത​ക​ർ​ത്ത നി​ല​യി​ൽ

തൊടുപുഴ: മലയോര മേഖലയിൽ ഭീതിവിതച്ച് വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ വിലസുന്നു. കടുവയും പുലിയും കാട്ടുപോത്തും കാട്ടാനയും തുടങ്ങി കാട്ടുപന്നികൾ വരെയുള്ള ജീവികളാണ് ജനങ്ങൾക്ക് ഭീഷണിയായത്. മറയൂരിൽ കാട്ടുപോത്താക്രമണത്തിൽ ഒന്നാംക്ലാസുകാരന് ഗുരുതര പരിക്കേറ്റതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ സംഭവം. ഇതോടൊപ്പം മൂന്നാർ സൈലന്റ് വാലിയിൽ പടയപ്പ എന്ന കാട്ടാന നടത്തിയ ആക്രമണമാണ് മറ്റൊന്ന്.

വ്യാഴാഴ്ച രാവിലെ റോഡരികിൽ സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർഥിയെയാണ് കാട്ടുപോത്ത് കൊമ്പിൽ തൂക്കി എറിഞ്ഞതെങ്കിൽ പടയപ്പ‍യുടെ ആക്രമണത്തിൽ ഇത്തവണ തകർന്നത് പലചരക്ക് കടയാണ്. പ്രദേശവാസിയായ മുത്തുവിന്റെ കടയാണ് തകർത്തത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. കടയുടെ മുൻഭാഗത്തെ വാതിൽ തകർത്ത് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് ഇട്ടശേഷം ഭക്ഷിക്കുകയും ബാക്കി നശിപ്പിക്കുകയും ചെയ്തു. ഉദ്ദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിന് ശേഷം വെയ്റ്റിങ് ഷെഡിന് നേരെയും ആക്രമണമുണ്ടായി. വെയ്റ്റിങ് ഷെഡും പൂർണമായി തകർന്നു.

ഒരാഴ്ചയായി മേഖലയിൽ ചുറ്റിത്തിരിയുന്ന പടയപ്പ ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വനം വകുപ്പിന് വിവരം നൽകിയെങ്കിലും ആർ.ആർ ടീം ഇവിടെ വന്ന് മടങ്ങിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഇതേ എസ്റ്റേറ്റിലിറങ്ങിയ കടുവ നാല് പശുക്കളെ ആക്രമിച്ചു കൊന്നിരുന്നു. ഇതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശത്ത് നിയോഗിച്ചിരിക്കുന്ന ആർ.ആർ.ടി സംഘം ആനയെയും കടുവകളെയും കൃത്യമായി നിരീക്ഷിക്കുന്നില്ലെന്ന പരാതിയും ഉയർന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ചിന്നക്കനാൽ സിങ്കുകണ്ടത്ത് മകനെ സ്കൂളിലയക്കാൻ പോയ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയത്. സംഭവത്തിൽ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൈമലർത്തി വനം വകുപ്പ്

മലയോര മേഖലയിൽ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവിയാക്രമണം രൂക്ഷമാകുമ്പോഴും പരിഹാര മാർഗങ്ങളില്ലാതെ കൈമലർത്തുകയാണ് വനംവകുപ്പ്. മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ആക്രമണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കിയ ശേഷമാണ് പലപ്പോഴും വനം വകുപ്പിന്റെ രംഗപ്രേവശനം. ഇത് പല സമ‍യത്തും നാട്ടുകാരുമായി സംഘർഷത്തിനും വഴിവെക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങളെത്തുന്നത് തടയുന്നതിനായി ഫെൻസിങ് നിർമാണം അടക്കമുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ, ഇതൊന്നും പ്രശ്നപരിഹാരമല്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. ആൾനാശത്തിനും പരിക്കുകൾക്കും പുറമെ ഹെക്ടർ കണക്കിന് പ്രദേശങ്ങളിലെ കൃഷിയും ഇവ നശിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം നൂറുകണക്കിന് വളർത്തുമൃഗങ്ങളേയും കൊന്നൊടുക്കുകയാണ്. ഇതോടെ കർഷകരും ക്ഷീര കർഷകരുമടക്കം അവരവരുടെ ഉപജീവനമാർഗം വിടുകയാണ്.

ജലസ്രോതസ്സുകൾ വറ്റുന്നത് തിരിച്ചടി

ഇത്തവണ കാലവർഷം ചതിച്ചത് വനമേഖലയിലും തിരിച്ചടിയായിട്ടുണ്ട്. ഇതോടെ വനമേഖലയിലെ ജലസ്രോതസ്സുകളും വറ്റിക്കഴിഞ്ഞു. തുടർന്നാണ് കാട്ടാനകളും കാട്ടുപോത്തുകളുമടക്കമുളള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. മുൻകാലങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ വനത്തിനുള്ളിൽ വെള്ളം യഥേഷ്ടം ലഭിക്കുകയും നാട്ടിലെത്തുന്ന മൃഗങ്ങൾ ഉൾവനങ്ങളിലേക്ക് വലിയുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ ഇതുണ്ടായില്ല. ഇതോടെ മറയൂർ, പീരുമേട്, മൂന്നാർ, ഇടുക്കി അടക്കമുള്ള വിവിധ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentIdukki Newskerala local newsWild animal
News Summary - Wild animals spreading fear; Forest Department without solution
Next Story