ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ; നടപടി തുടങ്ങി
text_fieldsമിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായി നിർമിച്ച കുളം
തൊടുപുഴ: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ മിഷൻ റിയൽ ടൈംസ് മോണിറ്ററിങ് പദ്ധതി മാങ്കുളത്ത് നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്. ഇതുമായി ബന്ധപ്പെട്ട് കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് ആളുകൾക്ക് ജാഗ്രത നിർദേശം നല്‍കുന്നതാണ് പദ്ധതി. മനുഷ്യ-വന്യജീവി സംഘർഷം കൂടുതലുള്ള ഇടങ്ങളിൽ ഒന്നാണ് മാങ്കുളം. ഈ മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷൻ റിയൽ ടൈംസ് മോണിറ്ററിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
വനംവകുപ്പിന്റെ മാങ്കുളം ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ വനാതിർത്തികളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ഈ മേഖലയിൽ വന്യജീവികളുടെ സാന്നിധ്യം ഉണ്ടായാൽ ആളുകൾക്ക് ജാഗ്രത നിർദേശം നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് എ.ഐ കാമറകള്‍ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഹെറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ പറഞ്ഞു.
കിംസ് ഹെൽത്ത് കെയറിന്റെ സി.എസ്.ആർ ധനസഹായത്തോടെയും ഇടുക്കി എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി കാമറകൾ സ്ഥാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ട്രയൽ റൺ വിജയിച്ചതായും വനംവകുപ്പ് അറിയിച്ചു. ജനവാസ മേഖലക്കരികെ കാട്ടാനയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ജനവാസ മേഖലയിലേക്കെത്തും മുമ്പെ അവയെ വനത്തിലേക്ക് തുരത്താൻ സഹായകരമാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
വനത്തിനുള്ളിൽ കുളം നിർമിച്ചു
വന്യമൃഗങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ വനത്തിനുള്ളിൽ കുളങ്ങൾ നിർമിക്കുന്നതും പുരോഗമിക്കുകയാണ്. അവശ്യത്തിന് വെള്ളവും ഭക്ഷണവുമൊരുക്കിയാൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പത്തിന കർമപദ്ധതികളാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടനുബന്ധിച്ച് മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ എന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധയിടങ്ങളിൽ കുളങ്ങൾ നിർമിച്ചത്. മാങ്കുളം ഡിവിഷനിൽ ആനക്കുളം, മാങ്കുളം റേഞ്ചുകളിലായി നാല് കുളങ്ങൾ നിര്‍മിച്ചു.
നിലവിലുള്ള മൂന്ന് കുളങ്ങളിലെ മണ്ണും ചളിയും നീക്കി ജലലഭ്യത ഉറപ്പാക്കുകയും ചെയ്തു. പദ്ധതി ഫലംകണ്ടു തുടങ്ങിയെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. വനംവകുപ്പ് ജീവനക്കാർക്കൊപ്പം വിവിധ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളും കുളം നിർമാണത്തിൽ പങ്കാളികളായി. പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടെ വന്യമൃഗശല്യം ഒരുപരിധി വരെ പരിഹരിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.
വന്യജീവി ആക്രമണം; നാല് വർഷത്തിനിടെ 244 പേർക്ക് പരിക്ക്
2021 മുതൽ ഈ വർഷം ജനുവരി വരെ ജില്ലയിൽ മരിച്ചത് 27 പേർ
ജില്ലയിൽ കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം വന്യമൃഗശല്യം മുൻ കാലങ്ങളിൽനിന്ന് വർധിച്ചതായാണ് കണക്കുകൾ. 2021 മുതൽ ഈ വർഷം ജനുവരി വരെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 244 പേർക്ക് പരിക്കേറ്റു. ഇക്കാലയളവിൽ 27 പേർ മരിച്ചു. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരാണ് ഇതിലധികവും. 2021-22ൽ 47 പേർക്ക് പരിക്കേറ്റപ്പോൾ ഒമ്പത് പേരാണ് മരിച്ചത്.
ഇടമലക്കുടി പഞ്ചായത്തിൽ രണ്ടുപേർ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടു. ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. 2022-23ൽ 46 പേർക്ക് പരിക്കേറ്റു. മൂന്നുപേർക്ക് ജീവൻ നഷ്ടമായി. ഇതിൽ രണ്ടുപേരും ശാന്തൻപാറ നിവാസികളായിരുന്നു. വണ്ണപ്പുറം, ഉടുമ്പന്നൂർ, മാങ്കുളം, ആലക്കോട് പഞ്ചായത്തുകളിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. 2023-24ൽ 77 പേർക്ക് പരിക്കേറ്റു.
10 പേർ വന്യമൃഗ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നാർ, ചിന്നക്കനാൽ, അറക്കുളം പഞ്ചായത്തുകളിലായി രണ്ട് പേർക്കു വീതം ജീവൻ നഷ്ടമായി. മറയൂർ, അടിമാലി, വണ്ണപ്പുറം, അറക്കുളം പഞ്ചായത്തുകളിലാണ് കൂടുതൽ നാശം ഉണ്ടാക്കിയത്. 2024-25ൽ ജനുവരി വരെ മാത്രം 74 പേർക്ക് വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റു. ഇക്കാലയളവിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. 2021-2024ൽ വന്യമൃഗ ശല്യത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കുമായി 1.92 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

