കാട് കയറാതെ വന്യ മൃഗങ്ങൾ; ഭയപ്പാടിൽ ജനം
text_fieldsഅടിമാലി: ദേവികുളം താലൂക്കിൽ വിവിധ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷം. നേര്യമംഗലം, മൂന്നാർ, ദേവികുളം, മാങ്കുളം, ആനക്കുളം, മറയൂർ, കാന്തലൂർ, അടിമാലി റേഞ്ച് പരിധികളിലാണ് വന്യമൃഗ ശല്യം രൂക്ഷമായത്. മറയൂർ, മൂന്നാർ, ദേവികുളം, അടിമാലി പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കാട്ടാന ഇറങ്ങി നാശം വരുത്താത്ത ദിവസമില്ല . മൂന്നാറിൽ തോട്ടം തൊഴിലാളി എസ്റ്റേറ്റുകളിൽ വീടുകൾക്ക് മുന്നിലും കടകൾക്ക് മുന്നിലും നിത്യ സന്ദർശകരാണ് കാട്ടാന കൂട്ടങ്ങൾ.
വീടുകൾ തകർത്തും വ്യാപാര സ്ഥാപനങ്ങൾ കേടുവരുത്തിയും ഇവയുടെ പരാക്രമത്തിൽ ജനങ്ങളുടെ ഉറക്കം നഷ്ടമായി. മറയൂർ - മൂന്നാർ അന്തർ സംസ്ഥാന പാതയിൽ കാട്ടാനകൾ വാഹനങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ്. ഒരു മാസത്തിനിടെ മൂന്നു വാഹനങ്ങൾക്കും എട്ടു വീടുകൾക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായി. ജനങ്ങൾ പല സംഭവങ്ങളിലും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
തോട്ടം മേഖലയിൽ വളർത്തു മൃഗങ്ങൾക്ക് നേരെ കടുവയും പുലിയും വലിയ ആക്രമണം തുടരുകയാണ്. കാലികളും വളർത്ത് നായ്ക്കളുമാണ് കൂടുതലും ഇരയാകുന്നത്. എന്നാൽ, വനം വകുപ്പിന് ഇതൊന്നും കണ്ട മട്ടില്ല. വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനംവകുപ്പ് നഷ്ടപരിഹാരം നൽകണം. എന്നാൽ, ഒരു വർഷത്തിനിടെ അഞ്ചു ലക്ഷത്തിൽ താഴെ മാത്രമാണ്നഷ്ടപരിഹാരം നൽകിയത്. ഏലം മേഖലയിൽ മൂന്നു കോടിയിലേറെ നഷ്ടം കണക്കാക്കുമ്പോഴാണ് ഈ നടപടി. ഇതര കാർഷിക വിളകളുടെ കണക്ക് കൂടി എടുത്താൽ നഷ്ടക്കണക്ക് വീണ്ടും ഉയരും.
ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുപോത്ത്
അടിമാലി: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇരുമ്പുപാലത്ത് കാട്ടുപോത്ത് ഇറങ്ങി. വ്യാഴാഴ്ച രാത്രി ചില്ലി സ്കൂൾ പരിസരത്തും ചില്ലിത്തോട് കവലയിലും രാത്രി പത്തു മുതൽ 11 വരെ കാട്ടുപോത്ത് ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറിന് തൈക്കാവ് പടി മുസ്ലിം പള്ളിയുടെ ഭാഗത്ത് തൊഴുത്തിങ്ങൽ മുനീറിന്റെ വീടിന്റെ മുൻവശത്ത് കാട്ടുപോത്ത് നിൽക്കുന്നത് കണ്ടു. നാട്ടുകാർ ഒച്ച വെച്ചും മറ്റും ഓടിക്കാൻ ശ്രമിച്ചെങ്കിലും വളരെ സാവധാനമാണ് വനത്തിലേക്ക് പോയത്. കഴിഞ്ഞ വർഷവും ഈ ഭാഗത്തിന് പുറമെ പിടിക്കപ്പ്, പ്ലാക്കയം മേഖലയിലും കാട്ടുപോത്തുകൾ ഇറങ്ങിയിരുന്നു.
ഇടമലക്കുടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു
അടിമാലി: ഇടമലക്കുടിയുടെ ഭാഗമായ മുളകുതറക്കുടി, നെന്മണൽ കുടി, ഒളക്കയൻ കുടി എന്നിവിടങ്ങളിലെ മുപ്പതോളം കർഷകരുടെ കൃഷിസ്ഥലങ്ങൾ ഒറ്റക്കൊമ്പൻ നശിപ്പിച്ചു . ഈ മേഖലകളിൽ കർഷകരുടെ പ്രധാന വരുമാന മാർഗങ്ങളായിരുന്ന കവുങ്ങ്, തെങ്ങ്, കുരുമുളക് എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ കർഷകർ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

