ഇടുക്കിയിൽ ആര് മിടുക്ക് കാട്ടും...?
text_fieldsചെറുതോണി: ഇത്തവണ ഇടുക്കി കണ്ടത് മുമ്പെങ്ങും കാണാത്ത ശക്തമായ പോരാട്ടമാണ്. മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇടുക്കിയിൽ ഇത്തവണ പോളിങ് കുറഞ്ഞെങ്കിലും ഇതേ ചൊല്ലിയുള്ള കണക്ക് കൂട്ടലാണ് എങ്ങും. എൽ.ഡി.എഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ ജയിക്കുമോ കെ.പി.സി.സി വൈസ് പ്രസിഡൻറ് റോയി കെ. പൗലോസ് ജയിക്കുമോ എന്നതാണ് ഇപ്പോൾ മണ്ഡലത്തിലെ പ്രധാന ചർച്ച. 25 വർഷത്തെ വ്യക്തിബന്ധം മാത്രം മതി ജയിക്കാൻ എന്ന ആത്മവിശ്വാസത്തിലാണ് റോഷി. മൂന്നര പതിറ്റാണ്ടിന് ശേഷം കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച റോയി കെ. പൗലോസും തികഞ്ഞ പ്രതീക്ഷയിലാണ്.
ഇടുക്കിയിൽ ഇത്തവണ ചരിത്രം തിരുത്തുമെന്ന് കരുതുന്ന രാഷ്ടീയ നിരീക്ഷകരുമുണ്ട്. കാലങ്ങളായി എൽ.ഡി.എഫിന്‍റെ കോട്ടയായിരുന്ന ഇടുക്കിയിൽ ഇത്തവണ സിറ്റിങ് എം.എൽ.എ റോഷി അഗസ്റ്റിൻ പരാജയപ്പെടുമെന്ന് യു.ഡി.എഫ് തറപ്പിച്ചു പറയുന്നു. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി റോഷി അഗസ്റ്റിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുവരുന്നത് ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് പറയുന്നത്.
യു.ഡി.എഫിന്റെ തദ്ദേശ ഭരണ സ്വാധീനമാണ് മറ്റൊന്ന്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇടുക്കിയിൽ യു.ഡി.എഫിന് ശക്തമായ മേൽക്കൈ ഉണ്ട്. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളും കട്ടപ്പന മുനിസിപ്പാലിറ്റിയും കോൺഗ്രസ് ഉൾപ്പെടുന്ന യു.ഡി.എഫ് ആണ് ഭരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിന്‍റെ മടങ്ങിവരവാണ് മറ്റൊന്ന്. 1987ൽ റോസമ്മ ചാക്കോ മത്സരിച്ച ശേഷം, ഏകദേശം 39 വർഷങ്ങൾക്ക് ഇപ്പുറമാണ് കോൺഗ്രസ് തങ്ങളുടെ സ്വന്തം കൈപ്പത്തി ചിഹ്നത്തിൽ ഇടുക്കിയിൽ സ്ഥാനാർഥിയെ നിർത്തുന്നത്. ഈയൊരു അടിസ്ഥാന വോട്ട് ബാങ്കും താഴെത്തട്ടിലുള്ള സംഘടന സ്വാധീനവുമാണ് നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. എന്നാൽ ഇടതുപക്ഷ ക്യാമ്പിലും തികഞ്ഞ പ്രതീക്ഷയാണ്. റോഷിയുടെ ജനസ്വാധീനവും വികസന നേട്ടങ്ങളും എതിരാളികൾക്ക് പോലും നിഷേധിക്കാനാവാത്തതാണ്. കത്തോലിക്കാസഭയക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി. സഭയുമായി നല്ല ബന്ധം പുലർത്തുന്നയാളാണ് റോഷി. ഇരു സ്ഥാനാർഥികളുടെയും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഇഴകീറി പരിശോധിക്കുകയാണ് ഇപ്പോൾ. മണ്ഡലത്തിന്റെ രാഷ്ടീയഭാവി കാത്തിരുന്നു കാണുക തന്നെ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

