മൂലമറ്റം ഫയർ സ്റ്റേഷനെ രക്ഷിക്കാൻ ആര് വരും?
text_fieldsമൂലമറ്റം ഫയർസ്റ്റേഷൻ
മൂലമറ്റം: മൂലമറ്റം ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത് മഴയത്ത് ചോർന്നൊലിക്കുന്ന തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ. വേനലാകുന്നതോടെ വിയർത്തു കുളിച്ചിരിക്കേണ്ടി വരുന്ന ഇവിടെയുള്ള ഉദ്യോഗസ്ഥരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. മഴയത്ത് കുടചൂടി ഓഫിസിൽ നിൽക്കുന്നവർ വെയിലാകുന്നതോടെ സമീപത്തെ മരച്ചുവട്ടിലും മറ്റും അഭയം പ്രാപിക്കും.
2014 ഫെബ്രുവരി 21നാണ് മൂലമറ്റത്ത് ഫയർസ്റ്റേഷൻ ആരംഭിച്ചത്. യൂനിറ്റ് ആരംഭിച്ചിട്ട് പതിറ്റാണ്ടോട് അടുത്തെങ്കിലും പുതിയ കെട്ടിടം നിർമിക്കാത്തതാണ് സേനാംഗങ്ങൾക്ക് ദുരിതമാകുന്നത്. വൈദ്യുതി വകുപ്പിന്റെ ഗോഡൗണിലാണ് നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ ദുരവസ്ഥ കാരണം സേനാംഗങ്ങളിൽ പലരും രോഗികളായി മാറുന്ന അവസ്ഥയാണെന്നും പറയുന്നു.
ക്രെയിനുകളും മറ്റും സൂക്ഷിക്കാൻ നിർമിച്ചതായതിനാൽ കെട്ടിടത്തിന്റെ എൺപതടിയോളം ഉയരത്തിലാണ് മേൽക്കൂര. ടിൻ ഷീറ്റുകൾകൊണ്ട് നിർമിച്ച മേൽക്കൂര ചോർന്ന് മഴക്കാലത്ത് വെള്ളം കെട്ടിടത്തിനുള്ളിൽ തളം കെട്ടിക്കിടക്കും. വേനൽക്കാലത്ത് ചെറിയ കാറ്റത്തുപോലും ഷീറ്റുകൾ പറന്നുപോകും.
പൊടിശല്യവും അസഹ്യമായ ചൂടും മഴവെള്ളം പതിക്കുന്നതും മൂലം അലർജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെടുന്നതിനാൽ കെട്ടിടത്തിനുള്ളിൽനിന്ന് മാറി സമീപത്തെ മരച്ചുവട്ടിലാണ് ജീവനക്കാർ വിശ്രമിക്കുന്നത്. കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ ഉപകരണങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയാണ് സൂക്ഷിക്കുന്നത്. ഒരു വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ റൂം, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. 28 അംഗങ്ങളുണ്ടെങ്കിലും എല്ലാവർക്കും കിടക്കാൻ കട്ടിലില്ല. നിലവിലെ താൽക്കാലിക കെട്ടിടത്തിന് സമീപം ഒരേക്കർ സ്ഥലവും കെട്ടിട നിർമാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചിട്ട് വർഷങ്ങളായി.
കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഭൂമി വിട്ടുനൽകിയിട്ടും നാളേറെയായി. അഗ്നിരക്ഷാ സേനയുടെ അധീനതയിലേക്ക് എഴുതി വാങ്ങുന്നതിലുണ്ടായ കാലതാമസമാണ് കെട്ടിടം പണി വൈകാൻ കാരണമെന്ന് പറയുന്നു.
അറക്കുളം, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളിലായി നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന മൂലമറ്റം അഗ്നിരക്ഷാ സേനക്ക് എത്രയും വേഗം സ്വന്തം കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

