ഭൗമസൂചിക പദവിയിൽ വെളുത്തുള്ളി; മികച്ച വിളവ് പ്രതീക്ഷിച്ച് കർഷകർ
text_fieldsകാന്തല്ലൂർ മേഖലയിൽ പാകമായിവരുന്ന വെളുത്തുള്ളിപ്പാടം
മറയൂർ: കാന്തല്ലൂർ വട്ടവട മേഖലയിലെ കർഷകർക്ക് പ്രതീക്ഷയേകി ഭൗമസൂചിക പദവി ലഭിച്ച മലപൂണ്ട് (വെളുത്തുള്ളി). കാലാവസ്ഥ, ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവയുടെ സവിശേഷതയാൽ ഇവിടെ വിളയുന്ന വെളുത്തുള്ളിക്ക് വീര്യവും രുചിയും കൂടുതലാണ്. ഇത് പഠനവിധേയമാക്കിയതിനെ തുടർന്നാണ് ഭൗമസൂചിക പദവി ലഭിച്ചത്. അതിനാൽ, ഇത്തവണത്തെ വിളവിനെ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ നോക്കിക്കാണുന്നത്.
പ്രധാനമായും ജൂൺ, ജൂലൈ മാസത്തിലെ മഴ പ്രതിക്ഷിച്ചാണ് കൃഷിയിറക്കുന്നതെങ്കിലും പാടം ഒരുക്കുന്നത് മേയ് മാസം മുതലാണ്. വിളവെടുക്കുന്നതിന് ഒന്ന് രണ്ട് ആഴ്ച മുമ്പ് തന്നെ പാടം കിളച്ച് അടി മണ്ണ് ആറുന്നതിനായി വിടുന്നു. ഇതേസമയം വെളുത്തുള്ളി അല്ലികളായി അടർത്തി ഉണക്കി മുള വരും രീതിയിൽ പാകപ്പെടുത്തിയെടുക്കുകയും ചെയ്യും.
ജൂൺ ആരംഭത്തോടുകൂടി കള നീക്കംചെയ്ത് ചാണകവും ചാരവും ചേർത്ത് മണ്ണൊരുക്കി വിത്തിറക്കാൻ പാടം ഒരുക്കുന്നു. വെളുത്തുള്ളി കിളിർത്തുതുടങ്ങുമ്പോൾ മുതൽ പുഴുക്കളുടെയും മറ്റു കീടങ്ങളുടെയും ശല്യം അതിരൂക്ഷമായിരിക്കും. ഇതിന് കൃത്യമായ ഇടവേളകളിൽ കീടനാശിനി പ്രയോഗവും ആവശ്യമാണ്. മഴ ലഭിച്ചില്ലെങ്കിൽ കനാലുകളിലൂടെ വെള്ളം എത്തിച്ച് പാടങ്ങളിൽ വെള്ളം കയറ്റി നനക്കുകയും വേണം. വളപ്രയോഗവും കളനശീകരണവും പരിപാലനവുമായി 90 ദിവസമാണ് വേണ്ടത്. 90 മുതൽ 110 ദിവസത്തിനുള്ളിൽ വെളുത്തുള്ളി വിളവെടുപ്പിന് പാകമാകും. ഇവിടെ വിളഞ്ഞ വെളുത്തുള്ളി ആറുമാസം മുതൽ ഒരുവർഷം വരെ പുകയത്ത് ഉണക്കി സൂക്ഷിക്കാം എന്നതും പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

