അവസാന യോഗത്തിലും തീരുമാനമായില്ല; എന്നു തുറക്കും ഈ കെ.എസ്.ആർ.ടി.സി ടെർമിനൽ
text_fieldsതൊടുപുഴ: ഈ മാസം പത്തോടെ തൊടുപുഴയിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ തുറക്കുമെന്നാണ് ഏറ്റവും ഒടുവിലായി അധികൃതർ അറിയിച്ചതെങ്കിലും കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച നടന്ന യോഗത്തിലും എന്ന് തുറക്കുമെന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഉണ്ടാകാത്തതിനാൽ ഡിപ്പോ തുറക്കൽ ഇനിയും വൈകും.
12 കോടി മുടക്കി നിര്‍മിച്ച തൊടുപുഴയിലെ പുതിയ കെ.എസ്.ആര്‍.ടി.സി ടെർമിനലിെൻറ നിര്‍മാണം കഴിഞ്ഞിട്ട് ഏഴുവര്‍ഷമായെങ്കിലും തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. വെള്ളിയാഴ്ച കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസിെൻറ അധ്യക്ഷതയില്‍ ഡി.ടി.ഒ, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം തൊടുപുഴയില്‍ ചേർന്നെങ്കിലും എന്ന് തുറക്കുമെന്ന കാര്യം തീരുമാനമായില്ല. ഡിപ്പോയുടെ മറ്റ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കാനാണ് ഇപ്പോൾ എടുത്ത തീരുമാനം. ഇതിന് പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
ഡിപ്പോ ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ജീവനക്കാരുടെ വിശ്രമമുറി, വര്‍ക്ഷോപ് എന്നിവയാണ് ഇനി ഒരുക്കേണ്ടത്. വൈദ്യുതി എല്ലായിടത്തും ലഭ്യമാക്കാന്‍ പാനലിങ്ങും പൂര്‍ത്തിയാക്കണം. ഇതിന് 15 ലക്ഷം രൂപകൂടി വേണം. സ്റ്റാന്‍ഡിനുള്ളിലെ കടമുറികള്‍ പലവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് എത്തിയത്. ഒരിക്കല്‍ 80പേര്‍ എത്തിയെങ്കിലും സാങ്കേതിക കാരണത്താല്‍ അധികൃതര്‍തന്നെ അത് റദ്ദാക്കി. പിന്നീട് ചര്‍ച്ചകള്‍ വീണ്ടും സജീവമായപ്പോൾ കോവിഡുമെത്തി. ഈ സാഹചര്യത്തില്‍ ആരും ടെന്‍ഡര്‍ പിടിക്കാനെത്തിയില്ല. മൂന്നും നാലും വര്‍ഷം മുമ്പ് ടെന്‍ഡര്‍ പിടിച്ചവര്‍ മുന്‍കൂര്‍ പണമടച്ചിരുന്നു. അവര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. ഡിപ്പോയിലെ കടമുറികൾ ലേലം ചെയ്ത് ലഭിക്കുന്ന തുക ഡിപ്പോ നിർമാണത്തിന് ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കാൻ 15 ലക്ഷം രൂപകൂടി വേണമെന്നാണ് അധികൃതർ പറയുന്നത്. താൽക്കാലിക ഡിപ്പോയിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് എത്രയും വേഗം ഇവിടേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

