സമൂഹമാധ്യമ പ്രചാരണത്തിന് വാർ റൂമുകൾ ഒരുങ്ങുന്നു
text_fieldsതൊടുപുഴ: ഒരു കാലത്ത് ചുവരുകളും അനൗൺസ്മെൻറ് മുഴക്കി നീങ്ങുന്ന വാഹനങ്ങളുമായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ഇടങ്ങളെങ്കിൽ കാലം മാറിയതോടെ കോലം മാറുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് കാലത്ത് വീടുകൾ കയറി വോട്ട് പിടിത്തത്തിനും പ്രചാരണത്തിനും നിയന്ത്രണമുണ്ടായി. ഈ സാഹചര്യത്തിലാണ് വോട്ടർമാരെ സാമൂഹ മാധ്യമങ്ങളിലൂടെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ ആവിഷ്കരിച്ചത്.
വാട്സ്ആപ്പും ഫേസ്ബുക്കും ഇവർ മുഖ്യപ്രചാരണ ഉപാധിയാക്കി മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിലും വോട്ടർമാർക്കിടയിലേക്കെത്തിച്ച ഈ പ്രചാരണ രീതി തന്നെ പയറ്റുകയാണ് രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും. തങ്ങളുടെ ആശയങ്ങൾ വോട്ടർമാർക്കെത്തിക്കാനും സ്ഥാനാർഥിയെ പരിചയപ്പെടുത്താനും രാഷ്ട്രീയ പാർട്ടികളെല്ലാം വാർ റൂമുകൾ സജ്ജമാക്കിത്തുടങ്ങിയിട്ടുണ്ട്.
സൈബർ ടീമുകൾ തയാറാക്കുന്ന ആശയങ്ങൾ വാർഡ് തലത്തിൽ പ്രത്യേക സംഘങ്ങൾ വഴി വോട്ടർമാരിലേക്കെത്തുകയാണ് വാർ റൂമുകളുടെ ഉദ്ദേശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന സംഘങ്ങളെ കുറച്ചുകൂടി വിപുലീകരിച്ചാണ് പ്രചാരണം. വ്യക്തമായ പ്ലാനിങ്ങോടെ നേതാക്കളുടെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കുന്ന ആശയങ്ങൾ ആരിലേക്കൊക്കെ എത്തിക്കണമെന്ന് വാർ റൂമുകളുടെ ചുമതലയുള്ളവർ തീരുമാനിക്കും. ഓരോ പാർട്ടിയും ആശയം പ്രചരിപ്പിക്കാനാവശ്യമായ വിവരങ്ങൾ ശേഖരിച്ച് വാർ റൂമുകൾക്ക് കൈമാറും. ആവശ്യമായ സൈബർ പോരാളികളെ നിരത്തി ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യും. വാർഡ് അടിസ്ഥാനത്തിൽ ഇവ പ്രചരിപ്പിക്കാനും യുവാക്കളടങ്ങുന്ന പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥികളുടെ ഔദ്യോഗിക പട്ടിക എത്തുന്ന മുറക്ക് ഇവരെ പരിചയപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കും. ഇതുകൂടാതെ ഓരോ പാർട്ടികളും വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി ട്രോളുകളും തയാറാക്കുന്നുണ്ട്. എതിർ സ്ഥാനാർഥികൾകൂടി എത്തുന്നതോടെയാണ് ട്രോൾ യുദ്ധം തുടങ്ങുക.
സ്ഥാനാർഥികൾക്കായി സോഷ്യൽ മീഡിയയിലൂടെ ഡിജിറ്റൽ പ്രചാരണത്തിനു പുറമെ ഫേസ്ബുക്ക്, വാട്സ് അപ് കൂട്ടായ്മകൾ സജീവമാക്കുക, സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾ അവലോകനം ചെയ്യുകയും െലെവായി ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുക, സ്ഥാനാർഥികൾക്കെതിരായി വിമർശന സ്വരം കമൻറുകളായി ഉയർന്നാൽ നെഗറ്റിവ് കമൻറ് നൽകുക തുടങ്ങിയവയും വാർറൂമിെൻറ ചുമതലകളാണ്. വാർറൂമിനെ നിരീക്ഷിക്കുന്നത് പാർട്ടി നേതാക്കൾ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

