ജില്ലയിലെ ആർ.ടി ഓഫിസുകളിൽ വിജിലൻസ് പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ
text_fieldsതൊടുപുഴ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി-എസ്.ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ‘ഓപറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും വിവിധ ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഇടുക്കി യൂനിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിൽ പൈനാവിലെ ആർ.ടി ഓഫിസിലും വണ്ടിപ്പെരിയാർ, ഉടുമ്പൻചോല, ദേവികുളം, തൊടുപുഴ എന്നീ നാല് എസ്.ആർ.ടി ഓഫിസുകളിലുമാണ് മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ഉടുമ്പൻചോല ആർ.ടി.ഒ ഓഫിസിൽ ഏജന്റ് ബിബിൻ എന്നയാളുടെ പക്കൽനിന്ന് 66,630 രൂപയും വണ്ടിപ്പെരിയാർ ആർ.ടി.ഒ ഓഫിസിൽ ഏജന്റ് സുജിത്ത് എന്നയാളിൽനിന്നും 16,000 രൂപയും പിടിച്ചെടുത്തു. കൂടാതെ ഓഫിസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായും പരിശോധനക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈ.എസ്.പി പറഞ്ഞു. പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഫിസുകൾക്കെതിരെ ഉയരുന്നത് വ്യാപക പരാതി
ആർ.ടി ഓഫിസുകളിൽനിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും പൊതുജനങ്ങൾ ഓൺലൈൻ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ഉദ്ദേശത്തോടുകൂടി ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും വ്യാപക പരാതികളാണുയർന്നത്. കൈക്കൂലി വാങ്ങാൻ അപേക്ഷകളിൽ മനഃപൂർവം കാലതാമസം വരുത്തുന്നതോടൊപ്പം ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിട്ടി മറികടന്ന് വളരെ വേഗം തീരുമാനം കൈക്കൊള്ളുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പാസാക്കാൻ ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരിൽനിന്നും പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും പരാതി ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
ഇതോടൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാർ മുഖേന ആർ.ടി/എസ്.ആർ.ടി ഓഫിസുകളിലെ ക്ലറിക്കൽ ഉദ്യോഗസ്ഥരും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായും വിവരം ലഭിച്ചിരുന്നു. കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജൻുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ, ഉദ്യോഗസ്ഥർ വേണ്ട വിധത്തിലുള്ള പരിശോധനകൾ നടത്താതെ ചട്ടപ്രകാരം വാഹനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താതെയും കൈക്കൂലി വാങ്ങി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു മിന്നൽ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

