തരിശ് രഹിത ഗ്രാമമായി മാറാൻ വെള്ളിയാമറ്റം
text_fieldsപന്നിമറ്റം: പഞ്ചായത്തിലെ തരിശ് നിലങ്ങളിൽ പൊന്ന് വിളയിക്കാനൊരുങ്ങുകയാണ് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിൽ നിന്നുമായി തരിശായി കിടന്നിരുന്ന 6.5 ഹെക്ടർ (16.25 ഏക്കർ) സ്ഥലം കൃഷി യോഗ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി 14 ദിവസം കൊണ്ട് 5800 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് നടത്തുന്ന 21 ലക്ഷം രൂപയുടെ പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കം കുറിച്ചത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തൊഴിലുറപ്പ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യം. ഇത് വഴി പഞ്ചായത്തിലെ തരിശ് സ്ഥലങ്ങൾ കൃഷിയോഗ്യമാക്കാനും അവിടെ ഭക്ഷ്യ വിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനുമുളള കർമപദ്ധതിയാണ് തയാറാക്കിയിട്ടുളളതെന്ന് പഞ്ചായത്ത് പ്രസിഡൻറ് മോഹൻദാസ് പുതുശ്ശേരി പറഞ്ഞു.
പദ്ധതി പ്രകാരം കണ്ടെത്തിയ തരിശ് സ്ഥലങ്ങളിൽ കർഷക ഗ്രൂപ്പുകൾ അല്ലെങ്കിൽ വ്യക്തികളെ തെരഞ്ഞെടുത്ത് കേരള കാർഷിക സർവകലാശാലയിൽ നിന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള അത്യുൽപാദന ശേഷിയുള്ള പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗം, കൂടാതെ മറ്റ് ഭക്ഷ്യ വിളകളുടെ വിത്തുകളും തൈകളും കൃഷി ചെയ്യും.ഇതോടൊപ്പം കാർഷിക മേഖലയിൽ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കൃഷി അങ്കണം, ഒരു മുറ്റത്ത് ഒരു പന്തൽ, തരിശ് രഹിത ഗ്രാമം തുടങ്ങിയ വ്യത്യസ്തങ്ങളായ പദ്ധതികൾക്കാണ് പഞ്ചായത്ത് ഈ വർഷം തുടക്കം കുറിച്ചിട്ടുള്ളത്.അതോടൊപ്പം പഞ്ചായത്ത് തലത്തിൽ കൃഷിയോഗ്യമാക്കിയ തരിശ് സ്ഥലങ്ങളിലെ വിളവെടുപ്പോടെ കർഷകരുടെ ഉൽപന്നങ്ങൾ സ്ഥിരമായി വിറ്റഴിക്കുന്നതിന് വേണ്ടി ഗ്രാമചന്ത ആരംഭിക്കുമെന്നും പ്രസിഡന്റ് പറയുന്നു. തരിശ് സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോൾ സെബാസ്റ്റ്യൻ, കരോട്ടുകുന്നേലിന്റെ പുരയിടത്തിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമി തോമസ് കാവാലം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മോഹൻദാസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേർളി ജോസുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ രാജി ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജോൺ, ടെസിമോൾ മാത്യു, വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം. ജോസ് കോയിക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾ സെബാസ്റ്റ്യൻ, കബീർ കാസിം, അഭിലാഷ് രാജൻ,ബി.ഡി.ഒ എ.ജെ.അജയ്,ബിനിൽ ബാബു,കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, അസി.സെക്രട്ടറി കെ.ജി.സ്മിതമോൾ എന്നിവർ സംസാരിച്ചു. പരിപാടിയിൽ തൊഴിലുറപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, എസ്.റ്റി പ്രമോട്ടർമാർ, മേറ്റുമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

