പകുതി വില വാഹന തട്ടിപ്പ് ; പരാതികൾ നിലക്കുന്നില്ല
text_fieldsഇടുക്കി: ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി പേർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെത്തി. സ്ത്രീശാക്തീകരണത്തിന് സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരം പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകുമെന്ന് വാഗ്ദാനം ചെയ്താണ് കബളിപ്പിക്കുന്നതെന്നാണ് പരാതി.
60 പേർ പരാതിയുമായി പൊലീസിൽ
അടിമാലി: അടിമാലി പൊലീസ് സ്റ്റേഷനിൽ 60 പേരാണ് തിങ്കളാഴ്ച മാത്രം പരാതിയുമായി എത്തിയത്. വൻകിട കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സി.എസ്.ആർ) ഉപയോഗിച്ചാണ് ബാക്കി തുക കണ്ടെത്തുന്നത് എന്നാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് പരാതിക്കാർ പറയുന്നു. ഇത് വിശ്വസിച്ചാണ് ചേർന്നത്. ആളുകൾ അപേക്ഷയോടൊപ്പം അടച്ച തുക ഉപയോഗിച്ച് കുറച്ചുപേർക്ക് ഇത്തരത്തിൽ വാഹനങ്ങൾ നൽകി വിശ്വാസത്തിലെടുത്തിരുന്നു. സ്കൂട്ടർ കൂടാതെ ലാപ്ടോപ്, തയ്യൽ മെഷീൻ, ജലസംഭരണി തുടങ്ങിയവയും വിതരണം ചെയ്തു.
അപേക്ഷയോടൊപ്പം പകുതി വില നൽകിയാൽ മൂന്ന് മാസത്തിനകം വാഹനം ലഭ്യമാകുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് പലരും 60,000 രൂപ അടച്ചു. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. സീഡ് സൊസൈറ്റിയുടെ പ്രമോട്ടർ എന്ന പേരിലാണ് അപേക്ഷകർ സമീപിച്ചത്. തട്ടിപ്പിന് ചുക്കാൻ പിടിച്ചു എന്ന് കരുതുന്ന ഒരാളെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. പരാതികളിൽ പൊലീസ് കേസെടുത്തിട്ടില്ല.
സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന പേരിൽ ഓരോ ജില്ലയിലും കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതി ലഭിക്കുമെന്നാണ് വിവരം. വിവിധ കമ്പനികളുടെ സാമൂഹിക സുരക്ഷാ ഫണ്ട്, ക്രൗഡ് ഫണ്ട്, മാർക്കറ്റിങ് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതിയെന്നായിരുന്നു പ്രചാരണം.
അടിമാലിയിൽ കാഞ്ഞാറിൽ 50 ലേറെ പരാതികൾ
കാഞ്ഞാർ: വ്യാജ എൻ.ജി.ഒകൾ രൂപവത്കരിച്ച് പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും സ്കൂട്ടറും ലാപ് ടോപ്പും നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പരാതികളുമായി വീട്ടമ്മമാർ. കാഞ്ഞാർ സ്റ്റേഷനിൽ 50 ഓളം പേർ തിങ്കളാഴ്ച എത്തി.
വന്നവർ വ്യക്തിപരമായും ഏജൻസി വിലാസത്തിലും പരാതി നൽകിയിട്ടുണ്ട്. ആറ് മാസം മുതൽ ഒരു വർഷത്തോളം കാത്തിരുന്നിട്ടും സ്കൂട്ടറും മറ്റ് ഉപകരണങ്ങളും ലഭിക്കാത്തവരാണ് പരാതിയുമായി വന്നത്. വരുംദിവസങ്ങളിലും കൂടുതൽ പരാതികൾ എത്തുമെന്ന് സ്റ്റേഷനിൽ എത്തിയവർ പറഞ്ഞു.
നെടുങ്കണ്ടത്തും പരാതിപ്രളയം
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നൂറുകണക്കിനുപേർ തട്ടിപ്പിനിരയായതായാണ് സൂചന. കോഓഡിനേറ്ററും ഏജന്റുമായി പ്രവര്‍ത്തിച്ചവര്‍ നല്കിയ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 77 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച പരാതി.
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം രാമക്കല്‍മേട്, തൂക്കുപാലം അടക്കമുള്ള പ്രദേശങ്ങളിലെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും മുന്‍ പഞ്ചായത്ത് അംഗങ്ങളും ഏജന്റുമാരായി പ്രവര്‍ത്തിച്ചതായാണ് വിവരം.
അതിനിടെ സോഷ്യോ ഇക്കണോമിക് എന്വയണ്മെന്റല് ഡെവലപ്മെന്റ് സൊസൈറ്റി (സീഡ്) സ്റ്റേറ്റ് ചീഫ് കോഓഡിനേറ്ററും കേസിലെ മുഖ്യ പ്രതിയുമായ അനന്ദു കൃഷ്ണനെതിരെ കോഓഡിനേറ്ററും ഏജന്റുമായി പ്രവര്‍ത്തിച്ച നാലുപേര്‍ നെടുങ്കണ്ടത്ത് നല്കിയ പരാതിയിൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. നെടുങ്കണ്ടത്ത് സീഡ് സൊസൈറ്റിയുടെ വളം വിൽപനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ അക്കൗണ്ടിലേക്കും തുക നിക്ഷേപിച്ചു. ഒന്നര വര്‍ഷമായി നെടുങ്കണ്ടത്ത് സൊസൈറ്റി പ്രവര്‍ത്തിക്കുന്നു.
വാര്‍ഡുകളിലെ പ്രമോട്ടര്‍മാര്‍ മുഖേനയാണ് വീട്ടമ്മമാരെ സൊസൈറ്റിയിലേക്ക് ആകര്‍ഷിച്ചത്. ആദ്യം 60,000 രൂപവീതം ബാങ്കില്‍ അടച്ച് രസീത് സൊസൈറ്റിയില്‍ ഏൽപിക്കുകയായിരുന്നു. അന്ന് പറഞ്ഞിരുന്നത് പരമാവധി മൂന്നുമാസത്തെ കാലാവധിയാണ്. ഓരോ ദിവസവും പരാതിക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
തൊടുപുഴയിൽ പരാതിയുമായി 40 പേർ
തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ മാത്രം നാല്പതോളം പേരാണ് തിങ്കളാഴ്ച പരാതിയുമായെത്തിയത്. ഇതിൽ ഒരു പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെതിരെയാണ് ഒട്ടുമിക്ക പരാതികളും.
ജില്ലയിലെമ്പാടും ആയിരക്കണക്കിന് പേരാണ് തട്ടിപ്പിനിരയായത്. പണം നഷ്ടമായവരിലേറെയും സ്ത്രീകളും കർഷകരും സാധാരണക്കാരുമാണ്. തട്ടിപ്പിനിരയായ സ്ത്രീകളടക്കമുള്ള പലരും മാനക്കേട് കാരണം പൊലീസിൽ പരാതി നൽകാൻ മടിക്കുന്നുണ്ട്.
കൂടുതൽപേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയാൽ പണം തിരികെ കിട്ടാനുള്ള സാധ്യത അടയുമെന്ന മുന്നറിയിപ്പുമായി പൊലീസ് സ്റ്റേഷനിൽനിന്ന് അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞി ദിവസം പുറത്തുവന്നിരുന്നു.
ഓഫിസ് തുടങ്ങിയത് വനിത സംഘത്തിെന്റ പേരിൽ
2023-24 വർഷത്തിൽ വിവിധ രാഷ്ട്രിയകക്ഷി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വനിത സംഘത്തിന്റെ പേരിലാണ് അടിമാലിയിൽ ഓഫിസ് തുടങ്ങിയത്. ഇതിന് ശേഷം ഉൽപന്നത്തിന്റെ പകുതി വിലയ്ക്ക് ഓണത്തിനും വിശേഷ ദിനങ്ങളിലും ഭക്ഷ്യധാന്യ കിറ്റ്, സ്കൂൾ, കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ എന്നിവ ചെറിയ തുകക്ക് നൽകി.
ഇങ്ങനെ വനിതകളുടെ ശ്രദ്ധ പിടിച്ച് പറ്റിയ ശേഷമാണ് ബൈക്ക്, ടി.വി, ഫ്രിഡ്ജ് തുടങ്ങി ഗൃഹോപകരണങ്ങളും പകുതി വിലയ്ക്ക് വാഗ്ദാനം വന്നത്. ഇതിനെല്ലാം നിരവധിപേർ പണം അടച്ചു. അടിമാലി ബ്ലോക്ക് പരിധിയിൽ വനിത സംഗമം നടത്തിയാണ് പദ്ധതി അവതരിപ്പിച്ചത്. ഏറ്റവും ഉയർന്ന സ്കൂട്ടർ വിലയായി 60,000 രൂപ വരെ നിശ്ചയിച്ചായിരുന്നു പങ്കെടുത്തവർക്ക് ബ്രോഷർ നൽകിയത്.
350 രൂപ മുടക്കി അംഗത്വമെടുത്ത ശേഷമാണ് ഇവരിൽനിന്ന് രേഖകളും തുടർന്ന് പ്രത്യേക അക്കൗണ്ടിലേക്ക് നിശ്ചയിച്ച തുകയും അടപ്പിച്ചത്. എന്നാൽ, തുകയടച്ചിട്ടും സ്കൂട്ടർ ലഭിക്കാതെ വന്നതോടെ പരാതികൾ ഉയർന്നു. ഇതേ തുടർന്ന് ഡിസംബറിൽ ബ്ലോക്ക് തലങ്ങളിൽ വിവിധയിടങ്ങളിൽ പണം അടച്ചവർ 200 രൂപ മുദ്രപത്രത്തിൽ സ്ഥാപനവുമായി കരാറിലേർപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് പദ്ധതി നടത്തിപ്പിനെ കുറിച്ച് പ്രാഥമിക വിവര ശേഖരണം നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.