പാചക വാതക പ്രതിസന്ധിയിൽ വലഞ്ഞ് വിവിധ തൊഴിൽ മേഖലകൾ
text_fieldsതൊടുപുഴ: പാചക വാതക വിതരണ പ്രതിസന്ധിയിൽ വലഞ്ഞ് വിവിധ തൊഴിൽ മേഖലകൾ. ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിങ് യൂനിറ്റുകൾ അടക്കമുള്ള വിവിധ തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായതോടെയാണ് ഈ മേഖലയിലെ തൊഴിലാളികളും ദുരിതത്തിലായത്.
നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ മുപ്പതോളം സ്ഥാപനങ്ങൾ അടച്ചതായാണ് കണക്ക്. അന്തർ സംസ്ഥാന തൊഴിലാളികളടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലകളിൽ വിവിധ സ്ഥാപനങ്ങളിലായി ജില്ലയുടെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നത്.
എന്നാൽ പാചക വാതക വിതരണത്തിലെ പ്രതിസന്ധി മൂലം സ്ഥാപനങ്ങൾ പലതും അടച്ചിടാൻ തുടങ്ങിയതാണ് ഇവർക്ക് തിരിച്ചടിയായത്. ഇതോടെ ഇവർക്ക് ജോലിയില്ലാത്ത സാഹചര്യമായിട്ടുണ്ട്.ചില ഹോട്ടലുകൾ വിറകടുപ്പുകൾ സജീവമാക്കി പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ഇവർ പ്രവർത്തന സമയവും വിഭവങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വരുത്തി.
പാചക വാതക പ്രതിസന്ധി രൂക്ഷമായി ബാധിച്ചത് തട്ടുകടകളെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് തട്ടുകടകളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ പലതും സഞ്ചാരികളുടേയും നാട്ടുകാരുടേയും ആശ്രയവുമായിരുന്നു. എന്നാൽ വഴിയോര തട്ടുകടകളിൽ വിറകടുപ്പ് പ്രായോഗീകമല്ലാത്തതിനാൽ ഉപയോഗിക്കാറില്ല. പാചക വാതക സിലിണ്ടറുകളായിരുന്നു ഇവരുടെ ആശ്രയം. എന്നാൽ ക്ഷാമം ഇവരിൽ ഭീതി പരത്തിയിട്ടുണ്ട്. പലയിടങ്ങളിലും തട്ടുകടകളും പ്രവർത്തനം നിർത്തി.
ആശങ്കയൊഴിയാതെ ഗാർഹിക ഉപഭോക്താക്കൾ
പാചക വാതക വിതരണത്തിൽ ആശങ്കയില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോഴും ഗാർഹിക ഉപഭോക്താക്കളുടെ ആശങ്ക ഒഴിയുന്നില്ല. ബുക്കിങ് ഇടവേളകൾ വർധിപ്പിച്ചതും ഏജൻസികൾക്ക് മുന്നിലെ ക്യൂവുമെല്ലാം അവരുടെ പ്രതിസന്ധി വർധിപ്പിക്കുകയാണ്. ജില്ലയിലെ എല്ലാ താലൂക്കുകളിലും നിലവിൽ പ്രതിസന്ധിയുണ്ട്. സിലിണ്ടറിനായി ഏജൻസികളിലേക്ക് ഉപഭോക്താക്കളും എത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം നീളുന്തോറും പ്രതിസന്ധിയുടെ ആഴവും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

