കാഴ്ചവസ്തുവായി കുടിവെള്ള സംഭരണികൾ
text_fieldsപാമ്പുങ്കയം കുടിവെള്ള പദ്ധതിയുടെ ടാങ്ക്
ഹൈറേഞ്ചിലെ ജലസ്രോതസ്സുകൾ അതിവേഗമാണ് വറ്റിവരളുന്നത്. കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ദിനംപ്രതി ചൂടിന് കാഠിന്യം കൂടുകയാണ്. ഈ സ്ഥിതി തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ കുടിവെള്ള ക്ഷാമം ജനങ്ങൾക്ക് കൂടുതൽ ദുരിതമായി മാറും. നദികളിലും കിണറുകളിലും ദിവസവും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. ചെറുജലാശയങ്ങളെ വരൾച്ച ബാധിച്ചുകഴിഞ്ഞു. ഇതുവരെ വറ്റാത്ത കുടിവെള്ള സ്രോതസ്സുകൾപോലും ഉണങ്ങുകയാണ്. കാർഷിക മേഖലയിലും ഇതിന്റെ പ്രതിഫലനമുണ്ട്. കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകൾക്കാണ് പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം കൂടുതൽ ദോഷം ചെയ്യുന്നത്. മറ്റ് കൃഷികളും കാലിവളർത്തലും പ്രതിസന്ധിയിലാണ്.
ജലക്ഷാമം നേരിടാൻ പഞ്ചായത്തുകളോ മറ്റ് ബന്ധപ്പെട്ട അധികാരികളോ ഒരു മുന്നൊരുക്കവും നടത്തുന്നില്ല. ആദിവാസി മേഖലകളിൽ നിരവധി കുടിവെള്ള പദ്ധതികളാണ് നിർമാണം നിലച്ചോ, പ്രവർത്തനം തടസ്സപ്പെട്ടോ കിടക്കുന്നത്. ഇതൊന്നും പൂർത്തീകരിക്കാനോ പ്രവർത്തനസജ്ജമാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജലനിധി പദ്ധതി നടപ്പാക്കിയ അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകളിലും ജലക്ഷാമം അതിരൂക്ഷമാണ്. പള്ളിവാസൽ, ബൈസൺവാലി പഞ്ചായത്തുകളിൽ കോടികളുടെ പദ്ധതികൾ നടപ്പാക്കിയെങ്കിലും പൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടില്ല. വൻകിടക്കാരുടെ തോട്ടങ്ങളിലും മറ്റും നിർമിക്കപ്പെട്ട വലിയ കുളങ്ങളൊക്കെ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്നു. ദേവികുളം താലൂക്കിലെ എല്ലാ പഞ്ചായത്തിലും 30 മുതൽ 50 വരെ കുഴൽക്കിണറുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്.
ദേവിയാർ, 20 സെന്റ്, ലക്ഷംവീട് മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പല ഘട്ടങ്ങളിലായി തദ്ദേശ സ്ഥാപനങ്ങൾ നിരവധി പദ്ധതികൾ നടപ്പാക്കി. കാലങ്ങൾ കഴിഞ്ഞപ്പോൾ കുറെ ജലസംഭരണികൾ മുനിയറച്ചാലിൽ ഉയർന്നതല്ലാതെ തുള്ളി വെള്ളം ജനങ്ങൾക്ക് കിട്ടിയില്ല. ഏറ്റവും ഒടുവിലായി ജലനിധി പദ്ധതി നടപ്പാക്കിയെങ്കിലും അതുമിപ്പോൾ പ്രയോജനമില്ലാതെ കിടക്കുന്നു. മാങ്കുളം പാമ്പുങ്കയത്ത് ജലനിധി നടത്തിപ്പിൽ വലിയ ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. കൃത്യമായി കുടിവെള്ള വിതരണത്തിന് അധികൃതർ തയാറാല്ല. കൂടുതൽ വെള്ളം എടുത്തു, അല്ലെങ്കിൽ പണമടച്ചില്ല തുടങ്ങി കാരണങ്ങൾ നിരത്തിയാണ് എല്ലാവരുടെയും കുടിവെള്ളം മുടക്കുന്നത്. കൃത്യമായി പണം നൽകിയാലും വെള്ളമില്ലാത്ത അവസ്ഥയാണെന്നാണ് ഗുണഭോക്താക്കളുടെ പരാതി.
മുനിയറച്ചാലിൽ ഉപയോഗശൂന്യമായ കുടിവെള്ള സംഭരണികളിലൊന്ന്
വന്യമൃഗങ്ങളും നാട്ടിലേക്ക്
വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലിറങ്ങുന്നത് വർധിച്ചിട്ടുണ്ട്. വനത്തിൽ ഫലവൃക്ഷങ്ങൾ കുറഞ്ഞതോടെ മലയണ്ണാനും വാനരന്മാരും വിവിധയിനം പക്ഷികളും നാട്ടിലേക്കെത്തിയിട്ടുണ്ട്. വനത്തിലെ നീരുറവകൾ വരണ്ടതോടെയാണ് വെള്ളം കുടിക്കാൻ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്.
മാങ്കുളം, നേര്യമംഗലം, ആവറുകുട്ടി വനങ്ങളിൽനിന്ന് കാട്ടുപോത്ത്, കാട്ടാന, മ്ലാവ്, മാൻ, കേഴയാട് എന്നിവ ധാരാളമായി എത്തുന്നുണ്ട്. കാടിറങ്ങുന്ന പല മൃഗങ്ങളും കാർഷിക വിളകൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. വനത്തിൽ മൃഗങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും ഒരുക്കാനുള്ള നടപടിയാണ് വനംവകുപ്പ് സ്വീകരിക്കേണ്ടത്.
തടയണകൾ നോക്കുകുത്തി
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കോടികൾ മുടക്കി നിർമിച്ച രണ്ട് തടയണയും നോക്കുകുത്തിയായി. മൂന്നാർ പെരിയവര ജങ്ഷനിലും പെരിയവര പാലത്തിന് സമീപത്തുമായി നിർമിച്ച തടയണകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. മൂന്നാർ ടൗൺ, ഇക്കാനഗർ, മൂന്നാർ കോളനി, പഴയ മൂന്നാർ തുടങ്ങിയ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കന്നിയാറിന് കുറുകെയാണ് തടയണകൾ നിർമിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് മൂന്നരക്കോടിയോളം മുടക്കി ചെറുകിട ജലസേചന വകുപ്പാണ് നിർമാണം പൂർത്തിയാക്കിയത്.
തടയണകൾ പൂർത്തിയായശേഷം ടൗണിന് സമീപത്തെ കുന്നിൻമുകളിൽ ജലസംഭരണി നിർമിച്ച് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, നാളിതുവരെയായിട്ടും ജലസംഭരണിയുടെ പണി ആരംഭിച്ചിട്ടില്ല. 2018ൽ ആരംഭിച്ച് 2022 മാർച്ചിൽ പണി പൂർത്തിയാക്കിയ തടയണകൾ ഇപ്പോൾ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
വേനൽ കടുത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ പദ്ധതി പൂർത്തിയായാൽ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിധിവരെ പരിഹാരമാകും. പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

