ഉപ്പുതറയിൽ സ്റ്റാൻഡുണ്ട് പക്ഷേ, ബസുകൾ കയറില്ല
text_fieldsഉപ്പുതറ ബസ്സ്റ്റാൻഡിൽ നിർമാണ സാമഗ്രികൾ കൂട്ടിയിട്ട നിലയിൽ
കട്ടപ്പന: ശാപമോക്ഷം കാത്ത് ഉപ്പുതറയിലെ സ്വകാര്യ ബസ്സ്റ്റാൻഡ്. 2000ത്തിൽ ഉദ്ഘാടനം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതിനാൽ സ്റ്റാൻഡ് പ്രവർത്തനം തുടങ്ങാൻ വൈകി. ബസുകൾ കയറാത്ത ജില്ലയിലെ ഏക സ്റ്റാൻഡാണ് ഉപ്പുതറയിലേത്. ബസുകൾ ടൗണിൽ നിർത്തിയിടാൻ തുടങ്ങിയിട്ട് 22 വർഷം പിന്നിട്ടു.
1999-2000 കാലത്താണ് ഉപ്പുതറയിൽ സ്വകാര്യ ബസ്സ്റ്റാൻഡ് നിർമിച്ച് ശിലാഫലകം സ്ഥാപിച്ചത്. ഉദ്ഘാടനം നടന്നു എന്നല്ലാതെ ഒരു ബസുപോലും ഇവിടെ കയറിയില്ല. സ്റ്റാൻഡിൽ ശൗചാലയവും ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചെങ്കിലും അവയെല്ലാം ഇന്ന് ഉപയോഗശൂന്യമാണ്. ഇവിടം സാമൂഹിക വിരുദ്ധരുടെ താവളവുമായി കഴിഞ്ഞു. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും റോഡ് പണിക്ക് കൊണ്ടുവരുന്ന നിർമാണ സാമഗ്രികൾ സൂക്ഷിക്കാനുമുള്ള ഇടമായി ഇവിടം മാറിക്കഴിഞ്ഞു.
ദിനംപ്രതി നിരവധി ബസുകളാണ് ഉപ്പുതറയിൽനിന്ന് സർവിസ് നടത്തുന്നത്. ഉപ്പുതറ ടൗൺ റോഡാണ് ബസ്സ്റ്റാൻഡിന് പകരമായി ബസ് ജീവനക്കാർ ബസ് പാർക്കിങ്ങിന് ഉപയോഗിക്കുന്നത്. വീതികുറഞ്ഞ റോഡിൽ ബസുകൾ നിർത്തിയിടുന്നത് ഗതാഗതതടസ്സത്തിന് കാരണമാകുന്നുണ്ട്.
ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങണം എന്ന ഹൈകോടതി ഉത്തരവും ലംഘിക്കപ്പെടുകയാണ്. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ബസ്സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

