ഓണസദ്യക്ക് മികവേകാൻ ഉപ്പേരി വിപണി സജീവം
text_fieldsഉപ്പേരിയാണ് താരം-തൊടുപുഴ നഗരത്തിൽ നിന്നുള്ള കാഴ്ച
തൊടുപുഴ: ഓണസദ്യപോലെ പ്രധാനമാണ് മലയാളിക്ക് സദ്യയോടൊപ്പമുളള ഉപ്പേരി(കായ വറുത്തത്). അതുകൊണ്ട് തന്നെ ഓണക്കാലം ഉപ്പേരി വിപണിയുടേയും സുവർണകാലമാണ്. ഏതാനും വർഷം മുമ്പ് വരെ ഓണക്കാലമെത്തും മുന്നേ വീടുകളിൽ ഉപ്പേരിയും ശർക്കരവരട്ടിയുമെല്ലാം സ്വയമേ തയാറാക്കുകയായിരുന്നു പതിവ്. എന്നാൽ മലയാളിയുടെ തിരക്കാർന്ന ജീവിത ശൈലി അവിടേയും മാറ്റങ്ങൾ വരുത്തി. ഓണസദ്യവരെ റെഡിമെയ്ഡാക്കുന്ന ഇക്കാലത്ത് ഉപ്പേരിയും അങ്ങനെയായി.
ഓണസദ്യയോടൊപ്പമുളള ഉപ്പേരിക്കായി എല്ലാവരും ഇപ്പോൾ വിപണിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഉപ്പേരിക്കച്ചവടക്കാർക്കും ചാകരയാണ്. ജില്ലയിലെ ഉപ്പേരി കച്ചവട കേന്ദ്രങ്ങളിലും ഈ തിരക്ക് പ്രകടമാണ്.നേന്ത്രക്കായ വിലയിൽ വലിയ വിലവർധനവില്ലെങ്കിലും നിലവില്‍ 560 രൂപ മുതല്‍ 630 രൂപ വരെയാണ് ഒരു കിലോ കായ ഉപ്പേരിക്ക് പല സ്ഥലങ്ങളിലും ഈടാക്കുന്നത്.
ഏതാനും മാസം മുമ്പ് വരെ ഇത് 480 രൂപ വരെയായിരുന്നു വില. എന്നാൽ വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ ഉപ്പേരി വിപണിയിലും വില തിളച്ചു. അതോടെ വെളിച്ചെണ്ണ ഉപയോഗം കുറച്ച് മലയാളി പണി കൊടുത്തത് പോലെ വാങ്ങുന്ന ഉപ്പേരിയുടെ അളവിലും ഈ ഓണക്കാലത്ത് കുറവ് വന്നിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
മുമ്പ് ഒരു കിലോയൊക്കെ വാങ്ങിയവർ അത് ഇക്കുറി അരകിലോ,250 ഗ്രാം പാക്കറ്റുകളിലേക്ക് ചുരുങ്ങി.അതിനാല്‍ തന്നെ 500, 250 ഗ്രാം തൂക്കം വരുന്ന പായ്ക്കറ്റുകളാക്കിയാണ് ഇപ്പോള്‍ കൂടുതലും വില്പന നടക്കുന്നത്. അതേസമയം വാണം പോലെ കുതിച്ച വെളിച്ചെണ്ണ വില ഇപ്പോൾ വിപണിയിലെ സർക്കാർ ഇടപെടൽ മൂലം അൽപമൊന്ന് നിലച്ച മട്ടാണ്. സപ്ലൈകോ അടക്കമുളള സർക്കാർ സംവിധാനങ്ങൾ വഴി ലിറ്ററിന് 339 രൂപക്ക് ശബരി വെളിച്ചെണ്ണ നൽകിയതോടെ ജനങ്ങൾക്ക് ആശ്വാസമായി.
ഇതോടെ വെളിച്ചെണ്ണയിൽ വറുക്കുന്ന ഉപ്പേരിയടക്കം സാമഗ്രികളുടെ വിലയിലെ കുതിപ്പും അൽപമൊന്ന് ശമിച്ചിട്ടുണ്ട്. ഇത് ഓണക്കാലത്ത് ആളുകൾക്ക് ആശ്വാസമായി. കായ ഉപ്പേരിക്ക് പുറമേ ടൊമാറ്റോ, പുതിന, റോബസ്റ്റ, മറ്റ് വിവിധതരം പഴം ഉപ്പേരികളും വിപണിയിൽ ഇടം നേടിയിട്ടുണ്ട്. ബേക്കറികളിലും ചിപ്സ് സെൻററുകൾക്കും പുറമേ റസ്റ്റാറൻറുകളിലും കുടുംബശ്രീ വിപണനമേളകൾ വഴിയും സ്വാശ്രയ ഓണ വിപണികൾ മുഖാന്തിരവും ഉപ്പേരി വിൽപ്പന സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

