ഇറക്കവും അശാസ്ത്രീയ റോഡ് നിർമാണവും അപകടം ശമിക്കാതെ ശങ്കരപ്പിള്ളി
text_fieldsമുട്ടം: ഇടത്തോട്ടും വലത്തോട്ടും ഇടതൂർന്ന വളവും അശാസ്ത്രീയ റോഡ് നിർമാണവും മൂലം നിരവധി അപകടങ്ങളാണ് ശങ്കരപ്പിള്ളിയിൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഞായറാഴ്ച വൈകീട്ടോടെയുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേരാണ് മരണപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. വെങ്ങല്ലൂർ കരടിപ്പറമ്പിൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം (നാലു മാസം) എന്നിവരാണ് മരിച്ചത്.
വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. ഷാമോൻ ഭാര്യ ഹസീന (29), ഇവരുടെ മകൾ നാല് വയസ്സുകാരി ഐഷ എന്നിവർക്ക് പരിക്കേറ്റു. ഷാമോൻ-ഹസീന ദമ്പതികളുടെ മകളാണ് മിഷേൽ മറിയം. ഞായറാഴ്ച വൈകീട്ട് 4.45നായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ ശങ്കരപ്പിള്ളി പാലത്തിന് സമീപം നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചശേഷംതാഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി ഞായറാഴ്ച ആമിന ബീവിയുടെയും കുഞ്ഞിന്റെയും മൃതദേഹം ഖബറടക്കി.
അപകടം തുടർക്കഥ
ശങ്കരപ്പിള്ളി പാലവും പാലത്തിനോട് ചേർന്നുമുള്ള പ്രദേശവും നിരന്തര അപകട മേഖലയാണ്. ഇടത്തോട്ടും വലത്തോട്ടുമുള്ള വളവുകളും വീതിക്കുറവും പാലവും എല്ലാം കൂടി ചേരുന്നതാണ് ഇവിടം. ചുരുങ്ങിയ കാലത്തിനുള്ളിൽ പത്തിലധികം അപകടങ്ങളാണ് പ്രദേശത്ത് സംഭവിച്ചിട്ടുള്ളത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് പിക്അപ് ജീപ്പിടിച്ചും അപകടം സംഭവിച്ചു. അതിന് മുമ്പ് ട്രാവലർ അപകടത്തിൽപെട്ടതും ഇവിടെ തന്നെയാണ്. ജൂൺ ഒമ്പതിന് റോഡിലെ വെള്ളക്കെട്ടിൽ കയറി നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് വൈദ്യുതി സബ്സ്റ്റേഷൻ സമീപമാണ്.
മൂന്നാം മൈൽ സ്വദേശികളായ അമ്മയും മകനും അന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ജൂലൈ 22ന് കാർ ഓട്ടോറിക്ഷയുടെ പിറകിൽ ഇടിച്ച് അപകടം ഉണ്ടായത് ശങ്കരപ്പള്ളി പള്ളിക്ക് സമീപമാണ്. ഓട്ടോ ഡ്രൈവറായ അറക്കുളം സ്വദേശി പുത്തൻപുരക്കൽ ശിവകുമാറിനാണ് അന്ന് പരിക്കേറ്റത്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. മഴ കൂടി പെയ്യുന്നതോടെ വാഹനങ്ങൾ ഒഴുകിയാണ് നീങ്ങുന്നത്. ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതോടെ വാഹനങ്ങൾ തെന്നി മാറുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നും പറയുന്നു.
കുത്തനെയുള്ള ഇറക്കവും വളവും
കുത്തനെയുള്ള ഇറക്കവും വളവുകളും അനായാസം ഓടിച്ചെത്തുന്ന വാഗമൺ സഞ്ചാരികളാണ് ശങ്കരപ്പിള്ളിയിൽ അപകടത്തിൽപെടുന്നത്. അവധി ദിവസങ്ങളിൽ വളരെ തിരക്കുള്ള റോഡാണ് വാഗമൺ-പുള്ളിക്കാനം പാത. ഈ റോഡിലൂടെ അനായാസം ഓടിച്ചെത്തുന്ന വാഹനങ്ങൾപോലും ശങ്കരപ്പിള്ളിയിൽ എത്തുമ്പോൾ അപകടത്തിൽ പെടുകയാണ്. നിരന്തര പരാതികളെ തുടർന്ന് കുറച്ച് സൂചന ബോർഡുകളും വേഗനിയന്ത്രണ സംവിധാനവും ഒരുക്കിയെങ്കിലും അപകടങ്ങൾക്ക് കാര്യമായ കുറവ് ഉണ്ടായിട്ടില്ല. റോഡിലെ അലെയ്മെന്റിൽ ഉൾപ്പെടെ മാറ്റം വരുത്തി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തര ഇടപെടൽ ഉണ്ടാകാത്ത പക്ഷം കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനുള്ള ഇടപെടൽ നടത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

