അവകാശികളെക്കാത്ത് 51.37 കോടി; 2.75 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുക
text_fieldsതൊടുപുഴ: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളെ കാത്ത് 51.37 കോടിയുടെ നിക്ഷേപം. 2.75 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുക അവകാശികളെത്താതെ കിടക്കുന്നത്. 10 വർഷത്തിലേറെയായി ഒരു ഇടപാട് പോലും നടക്കാതെ കിടക്കുന്നതാണ് ഈ അക്കൗണ്ടുകൾ. ഇത്തരത്തിലുള്ള അക്കൗണ്ടുകളെയാണ് അവകാശികളില്ലാത്ത അക്കൗണ്ടുകളായി കണക്കാക്കുന്നത്.
ഈ അക്കൗണ്ടുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇത്തരത്തിൽ രാജ്യവ്യാപകമായി 1.82 ലക്ഷം രൂപയാണ് അവകാശികളില്ലാതെ അക്കൗണ്ടുകളിൽ കിടക്കുന്നത്. നിക്ഷേപകൾ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാലാണ് അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങുന്നത്. പലപ്പോഴും മരണപ്പെട്ടവരുടെ അനന്തരവകാശികൾക്കും ഇത്തരമൊരു അക്കൗണ്ട് ഉള്ളകാര്യം അറിയില്ല. 10 വർഷം മുമ്പുള്ള അക്കൗണ്ടായതിനാൽ ഫോൺ നമ്പറുമായോ ആധാറുമായോ ലിങ്ക് ചെയ്തിട്ടുമുണ്ടാവില്ല.
വഴിയുണ്ട് തിരിച്ചുകിട്ടാൻ
ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് തിങ്കളാഴ്ച 10ന് തൊടുപുഴ പാപ്പുട്ടി ഹാളിൽ നടക്കും.
ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. അവകാശികളില്ലാത്ത, അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നൽകുന്നതിനായാണ് ക്യാമ്പ് നടത്തുന്നത്.
ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് ക്യാമ്പിൽ അറിയാൻ സാധിക്കുമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജർ വർഗീസ് എം. മാത്യു പറഞ്ഞു. നിക്ഷേപം തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. അവകാശികളാണെന്ന് ബോധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്യാമ്പിൽ ലഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

