ഉടുമ്പന്നൂര്‍-കൈതപ്പാറ-ഇടുക്കി റോഡ്; ഇനി വനംവകുപ്പ് കനിയണം
text_fieldsഉടുമ്പന്നൂർ-കൈതപ്പാറ-ഇടുക്കി റോഡ്
തൊടുപുഴ: ഉടുമ്പന്നൂര്‍-കൈതപ്പാറ-ഇടുക്കി റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെങ്കിലും കുടിയേറ്റ ജനതയുടെ സ്വപ്നം പൂവണിയണമെങ്കില്‍ ഇനി വനംവകുപ്പ് കനിയണം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കാനായത്. പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഉടുമ്പന്നൂര്‍ മുതല്‍ കൈതപ്പാറ വരെ 8.8 കിലോമീറ്റര്‍ റോഡിന് 7.80 കോടിയും കൈതപ്പാറ മുതല്‍ മണിയാറന്‍കുടി വരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. മൂവാറ്റുപുഴ സ്വദേശിയായ കരാറുകാരനാണ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.
ദൂരം കുറയും
തൊടുപുഴ-ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുമ്പന്നൂര്‍-കൈതപ്പാറ-മണിയാറന്‍കുടി റോഡിന്റെ പ്രത്യേകത. ഉടുമ്പന്നൂര്‍, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും.
കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങള്‍ യാത്രസൗകര്യങ്ങളുടെ അഭാവം മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ ഇവിടെനിന്ന് സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് പോകാനും നിര്‍ബന്ധിതരായി. വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളില്‍നിന്ന് 25ഓളം കുടുംബങ്ങളാണ് സമീപനാളില്‍ ഭൂമി വനംവകുപ്പിന് വിട്ടുനല്‍കി കുടിയൊഴിഞ്ഞത്.
കാന്തല്ലൂരില്‍ 30 ഏക്കര്‍ വിട്ടുനല്‍കും
പി.എം.ജി.എസ്.വൈ സ്കീമില്‍ ഉള്‍പ്പെടുത്തി റോഡ് പൂര്‍ത്തീകരിക്കാന്‍ ശ്രമം ആരംഭിച്ചിട്ട് നാളുകളേറെയായി. എന്നാല്‍, റോഡിന് സ്ഥലം വിട്ടുനല്‍കുന്നതില്‍ വനംവകുപ്പിന്റെ എതിര്‍പ്പുമൂലം ശ്രമം വിജയിച്ചിരുന്നില്ല. പി.എം.ജി.എസ്.വൈ പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മിക്കുന്നതിന് ആറുമീറ്റര്‍ മുതല്‍ എട്ടുമീറ്റര്‍ വരെ വീതി അനിവാര്യമാണ്. നിലവിൽ റോഡിന് പലഭാഗത്തും ഈ വീതി ലഭ്യമല്ല. ഏറെ കടമ്പകള്‍ കടന്നാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചത്.
റോഡിനായി വിട്ടുനല്‍കേണ്ട സ്ഥലത്തിന് പകരമായി കാന്തല്ലൂരില്‍ റവന്യൂ വകുപ്പിന്റെ 30 ഏക്കര്‍ ഭൂമി വനംവകുപ്പിന് വിട്ടുനല്‍കാനാണ് തത്ത്വത്തില്‍ ധാരണയായിരിക്കുന്നത്. സ്ഥലം അളന്നുതിട്ടപ്പെടുത്തുന്ന ജോലി നടന്നുവരികയാണ്. അടുത്തയാഴ്ചയോടെ ഇതു പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. സ്ഥലം കൈമാറുന്ന മുറക്ക് റോഡിന്റെ നിര്‍മാണ ജോലി ആരംഭിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
വേളൂരില്‍ പുതിയ പാലം
ഉടുമ്പന്നൂര്‍-ഇടുക്കി റോഡ് വികസനത്തിന്റെ ഭാഗമായി വേളൂരില്‍ പുതിയ പാലം നിര്‍മിക്കും. നിലവിലെ ചപ്പാത്ത് മഴക്കാലത്ത് വെള്ളംകയറി മുങ്ങുന്ന സ്ഥിതിയായിരുന്നു. ഇതു കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവര്‍ക്ക് കടുത്ത യാത്രദുരിതമാണ് സൃഷ്ടിക്കുന്നത്.
മറുകരയിലെത്താന്‍ ചപ്പാത്തിലെ വെള്ളം ഇറങ്ങുന്നതും കാത്ത് ദിവസങ്ങളോളം കഴിയേണ്ട സ്ഥിതിയായിരുന്നു. റോഡ് പൂര്‍ത്തിയാകുന്നതോടെ തൊടുപുഴയില്‍നിന്ന് കുറഞ്ഞ ദൂരത്തില്‍ ഇടുക്കിയില്‍ എത്താനാകുമെന്നത് നൂറുകണക്കിനു യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. നിലവിലെ ഉടുമ്പന്നൂര്‍-ഉപ്പുകുന്ന്-പാറമട -ഇടുക്കി റോഡിനെക്കാള്‍ കുറഞ്ഞ ദൂരമാണ് കൈതപ്പാറ-മണിയാറന്‍കുടി റോഡിനുള്ളത്.
2018ലെ മഹാപ്രളയത്തില്‍ ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലൂടെയുള്ള യാത്രക്ക് തടസ്സം നേരിട്ടപ്പോള്‍ ഇടുക്കിയില്‍നിന്ന് തൊടുപുഴയിലെത്താന്‍ മണിയാറന്‍കുടി-കൈതപ്പാറ-ഉടുമ്പന്നൂര്‍ റോഡാണ് ഉപയോഗപ്പെടുത്തിയത്. അന്നുമുതല്‍ ഈ റോഡിന്റെ വികസനത്തിനായി ജനപ്രതിനിധികള്‍ ഒട്ടേറെ ശ്രമം നടത്തിയിരുന്നു. വനംവകുപ്പ് പച്ചക്കൊടി കാണിച്ചാൽ റോഡ് യാഥാര്‍ഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

